ബെംഗളൂരുവില്‍ രാത്രി നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്; ബന്ധുവിന് ഒപ്പം വരുമ്പോള്‍
ബംഗളൂരുവിൽ കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ ദിവ്യ സുരേഷിന് നേരെ അതിക്രമം നടന്നതായി പരാതി. ഞായറാഴ്ച രാത്രി വൈകി ബന്ധുവിനൊപ്പം റോഡിലൂടെ നടന്നുപോകവെ അപരിചിതനായ ഒരാൾ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് നടി വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച താരം, നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കുവെച്ചു.
ഞായറാഴ്ച രാത്രി 11.30-ഓടെയാണ് തനിക്കും ബന്ധുവിനും നേരെ അതിക്രമം ഉണ്ടായതെന്ന് ദിവ്യ സുരേഷ് പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം അനുഭവവും പങ്കുവെച്ചത്. പാർക്ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക് കാൽനടയായി പോകുമ്പോൾ അപരിചിതനായ ഒരാൾ തങ്ങളെ പിന്തുടരുകയായിരുന്നുവെന്ന് ദിവ്യ വിശദീകരിച്ചു.

തങ്ങളെ പിന്തുടരുന്നതിനിടയിൽ ആ വ്യക്തി പരസ്യമായി ശരീരത്തിൽ സ്പർശിക്കുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തങ്ങൾ ചോദ്യം ചെയ്തെങ്കിലും അയാൾ പിന്മാറാൻ തയ്യാറായില്ല. കാറിൽ കയറി വാതിലടയ്ക്കുന്നത് വരെ ഇയാൾ പിന്തുടരുന്നു എന്നും നടി ആരോപിക്കുന്നു.
രാത്രി സമയങ്ങളിൽ റോഡിലൂടെ നടന്നുപോകുന്നതിന്റെ പേരിൽ മാത്രം സ്ത്രീകൾ ഇത്തരം അതിക്രമങ്ങൾ നേരിടേണ്ടി വരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ദിവ്യ വ്യക്തമാക്കി. ബംഗളൂരു പൊലീസിനെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ടാഗ് ചെയ്തുകൊണ്ടാണ് അവർ സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദ്യമുന്നയിച്ചത്. നഗരത്തിൽ സ്ത്രീ സുരക്ഷ എവിടെ എന്നും അവർ ചോദിക്കുന്നു.
അതിക്രമം നേരിട്ടപ്പോൾ തന്നെ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങിയതായി വീഡിയോയിൽ ദിവ്യ പറയുന്നുണ്ട്. ദിവ്യയുടെ ബന്ധു പൊലീസിൽ വിവരം അറിയിക്കാൻ ആവശ്യപ്പെടുന്നതും കേൾക്കാം. ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ഈ വീഡിയോ പിന്നീട് സ്റ്റോറിയുടെ കാലാവധി കഴിഞ്ഞതിനാൽ അപ്രത്യക്ഷമായി.
നഗരമധ്യത്തിൽ രാത്രി കാലങ്ങളിൽ സാധാരണക്കാർ പലപ്പോഴും നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയാണ് നടിയുടെ വെളിപ്പെടുത്തലിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസിന്റെ ഭാഗത്ത് നിന്നു ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എങ്കിലും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്.
കന്നഡ ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ദിവ്യ സുരേഷ്. 2021-ൽ നടൻ കിച്ച സുദീപ് അവതാരകനായി എത്തിയ ബിഗ് ബോസ് കന്നഡ സീസൺ എട്ടിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു അവർ. ഇതിലെ പ്രകടനമാണ് കന്നഡ പ്രേക്ഷകർക്കിടയിൽ അവർക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തത്. ടെലിവിഷനിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ 'നന്ന ഹെംതി എംബിബിഎസ്', 'ജോഡി ഹക്കി' തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ഇവർ 2017-ൽ 'മിസ് ഇന്ത്യ സൗത്ത്' കിരീടവും നേടിയിരുന്നു. ഇതിനുശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.















Click it and Unblock the Notifications