കമല്‍ഹാസനെതിരെ വെളിപ്പെടുത്തലുമായി നടി; വളഞ്ഞവഴി പാര്‍ലമെന്റിലേക്ക്, രോഷത്തോടെ ആരാധകര്‍...
ചെന്നൈ: അഭിനയ രംഗത്തെ കുലപതിയാണ് കമല്‍ഹാസന്‍. ഒരുകാലത്ത് ഹിറ്റുകള്‍ മാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരം. 2014ന് ശേഷമാണ് കമല്‍ഹാസന്‍ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവട് വയ്ക്കുന്നത്. 2018 ഫെബ്രുവരിയില്‍ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുകയും ചെയ്തു.
ഡിഎംകെയ്ക്കും അണ്ണാഡിഎംകെയ്ക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രചാരണം നടത്തിയ കമല്‍ഹാസന് പക്ഷേ, തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട പോലെ വേരുറപ്പിക്കാനായില്ല. എന്നാല്‍ ഇനി ഡിഎംകെയുമായി കമല്‍ഹാസന്‍ കൈകോര്‍ക്കുമെന്നാണ് പുതിയ പ്രചാരണം. നടി ജയലക്ഷ്മി നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാകുകയാണ്...

തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമുള്ള നടിയാണ് ജയലക്ഷ്മി. കഴിഞ്ഞ ദിവസം അവര്‍ ഗാനരചയിതാവ് സ്‌നേഹനെതിരെ മാധ്യമങ്ങളെ കണ്ടിരുന്നു. സ്‌നേഹന്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍. ഈ വേളയിലാണ് കമല്‍ഹാസനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആരാധകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

ജയലക്ഷ്മിക്കെതിരെ സ്‌നേഹന്‍ അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിച്ചുവെന്നായിരുന്നു പരാതി. തന്നെ നടി ഫോണില്‍ വിളിച്ച് കോഫി ഷോപ്പില്‍ വച്ച് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും സ്‌നേഹന്‍ വെളിപ്പെടുത്തി. സ്‌നേഹം ഫൗണ്ടേഷന്‍ എന്ന പേരില്‍ നടിയുടെ മേല്‍നോട്ടത്തിലുള്ള സംഘടനയുമായി ബന്ധപ്പെട്ടാണ് ഗാനരചയിതാവിന്റെ പരാതി.

ആരോപണങ്ങള്‍ നിഷേധിച്ച നടി ജയലക്ഷ്മി തന്റെ സംഘടന ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണെന്നും സ്‌നേഹന്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നും ആരോപിച്ചു. സ്‌നേഹം ഫൗണ്ടേഷന്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടി അക്കമിട്ട് നിരത്തുകയും ചെയ്തു. സ്‌നേഹനുമായി താന്‍ സംസാരിച്ചിട്ടില്ല. ഫോണില്‍ സംസാരിച്ചുവെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി വെല്ലുവിളിച്ചു. സ്‌നേഹന് വക്കീന്‍ നോട്ടീസ് അയച്ചുവെന്നും നടി പറഞ്ഞു. പിന്നീടാണ് കമല്‍ഹാസനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്.

2019 മുതല്‍ ബിജെപി പ്രവര്‍ത്തകയാണ് നടി ജയലക്ഷ്മി. മക്കള്‍ നീതി മയ്യത്തില്‍ അംഗമാണ് സ്‌നേഹന്‍. താന്‍ ബിജെപിയില്‍ ചേര്‍ന്നത് മുതല്‍ തനിക്കെതിരെ പല കോണില്‍ നിന്നും നീക്കങ്ങള്‍ നടക്കുന്നുവെന്ന് ജയലക്ഷ്മി പറയുന്നു. ഡിഎംകെയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും വൈകാതെ ഒന്നായി മാറുമെന്നും ജയലക്ഷ്മി പറഞ്ഞു.

കമല്‍ഹാസനെ ഡിഎംകെ വിലക്കെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍ നിര്‍മിക്കുന്നത് ഡിഎംകെ നേതാക്കളാണ്. സിനിമകള്‍ നിര്‍മിക്കുന്നതിലൂടെ കമല്‍ഹാസനെ ഡിഎംകെ പക്ഷത്തേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. കമല്‍ഹാസനെ പാര്‍ലമെന്റ് അംഗമാക്കാന്‍ ഡിഎംകെ ആലോചിക്കുന്നുവെന്ന് സംസാരമുണ്ട്. സൗത്ത് ചെന്നൈ മണ്ഡലത്തില്‍ നിന്നാണ് മല്‍സരിപ്പിക്കുയെന്നും ജയലക്ഷ്മി പറയുന്നു.
Recommended Video

ജയലക്ഷ്മിക്കെതിരെ കടുത്ത വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പലരും ഭീഷണിപ്പെടുത്തി. കമല്‍ഹാസനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മില്‍ ബിസിനസ് ബന്ധമുണ്ട്. ഇക്കാര്യമാണ് ജയലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്. സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രമിലും ഇരുവരും സഹകരിച്ചിരുന്നു. വരാനിരിക്കുന്ന ഇന്ത്യന്‍ 2വിലും ഇരുവരും കൈകോര്‍ക്കും.

അതേസമയം, ബിസിനസ് വേറെ രാഷ്ട്രീയം വേറെ എന്ന നിലപാടാണ് കമല്‍ഹാസന്. ഉദയനിധി സ്റ്റാലിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഡിഎംകെയെ കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കാറുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെക്കെതിരെ പല മണ്ഡലങ്ങളിലും മക്കള്‍ നീതി മയ്യം മല്‍സരിച്ചിരുന്നു. ജയലക്ഷ്മി ബിജെപിക്ക് വേണ്ടി വിവാദം സൃഷ്ടിക്കുകയാണെന്ന് മക്കള്‍ നീതി മയ്യം കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications