ഖുശ്ബുവിന്റെ കാറപകടം വ്യാജമോ? നിങ്ങൾ സംസാരിക്കുന്നത് ഭീരുവിനെപ്പോലെ.. വിമർശകന്റെ വായടച്ച് നടി!!
ചെന്നൈ: കഴിഞ്ഞ ദിവസമാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ വാഹനം അപകടത്തിൽപ്പെട്ട വിവരം ഖുശ്ബു തന്നെയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഇതിനെല്ലാം പിന്നാലെ ഖുശ്ബുവിന്റെ വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്ത വ്യാജമാണെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ ആൾക്ക് മറുപടി കൊടുത്തുകൊണ്ടാണ് ഇവർ രംഗത്തെത്തിയിട്ടുള്ളത്. അദ്ദേഹത്തിന് വേഗം സുഖപ്പെടട്ടെയെന്നും അയാളുടേത് ഭീരുവിന്റെ ഭാഷയാണെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. കാർട്ടൂണിസ്റ്റ് ബാല എന്നയാളാണ് ഖുശ്ബു വാഹനം അപകടത്തിൽപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് പ്രതികരിച്ചിട്ടുള്ളത്.
ഖത്തറും കുവൈത്തും തമ്മില്‍ ബന്ധം ശക്തമാക്കുന്നു: 5 ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു

ഫോട്ടോ തെളിവ്
ഖുശ്ബു മികച്ച നടിയാണെന്നതിനുള്ള തെളിവാണ് ഈ ഫോട്ടോ. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വാ. ഇതിൽ നിരവധി പഴുതുകളുണ്ടെന്നുമാണ് കാർട്ടൂണിസ്റ്റ് ബാല ട്വീറ്റ് ചെയ്തത്. പുറത്തുവന്ന ചിത്രങ്ങളിൽ അപകടത്തിൽപ്പെട്ട കാറിൽ ഖുശ്ബു മുൻസീറ്റിലിരിക്കുന്നതായും ചിലതിൽ പിൻസീറ്റിൽ ഇരിക്കുന്നതായും കണ്ടുവെന്നും ഇയാൾ ആരോപിച്ചിരുന്നു. ഈ പ്രതികരണത്തിനാണ് ഖുശ്ബു കുറിയ്ക്ക് കൊള്ളുന്ന മറുപടി നൽകിയിട്ടുള്ളത്.

ഭീരുവിനെപ്പോലെ
'നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അപകടമുണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം ദർശിക്കുന്ന സമയത്ത് നിങ്ങളുടെ പാന്റ് നനയ്ക്കുമെന്ന് ഉറപ്പുണ്ട്. കാരണം നിങ്ങൾ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. നിങ്ങൾ സംസാരിക്കുന്നത് ഒരു ഭീരുവിനെപ്പോലെയാണ്. ബാല, വേഗം സുഖം പ്രാപിക്കൂ എന്നാണ് ഖുശ്ബു ട്വിറ്ററിൽ കുറിച്ചത്.

അനുഗ്രഹം ഉണ്ടെന്ന്
തന്റെ മരണവാർത്ത കാത്തിരിക്കുന്ന ചിലർ താൻ തിരികെ വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണെന്നാണ് സംഭവത്തിൽ ഖുശ്ബുവിന്റെ പ്രതികരണങ്ങളിലൊന്ന്. ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ സ്നേഹത്തിനൊപ്പം തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദൈവത്തിന്റെയും അനുഗ്രഹവും തനിക്കൊപ്പമുണ്ടായിരുന്നു. ഇതുകൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളതെന്നും ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.

ടാങ്കർ ഇടിച്ചു
വിഡ്ഢി എന്നും വിഡ്ഢി തന്നെയായിരിക്കാമെന്നാണ് അപകടത്തിന്റെ ഫോട്ടോ സംബന്ധിച്ച് ഇയാൾ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകിയിട്ടുള്ളത്. ഇനി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തലച്ചോറ് ഉപയോഗിച്ച ശേഷം സംസാരിക്കുമെന്നും ഖുശ്ബു കുറിച്ചു. താൻ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നുവെന്ന് ഖുശ്ബു ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൂഡല്ലൂരിലേക്കുള്ള യാത്രാ മധ്യേ മേൽമറുവത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ചയാണ് ഇക്കാര്യം ഖുശ്ബു അറിയിച്ചത്.