ഇന്ത്യന്‍ നടി മധുര നായിക്കിന്റെ സഹോദരിയേയും ഭർത്താവിനേയും ഹമാസ് വധിച്ചു
ഡല്‍ഹി: തന്റെ കുടുംബാംഗങ്ങളെ ഹമാസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ടെലിവിഷൻ നടി മധുര നായിക്. തന്റെ കസിൻ സഹോദരിയെയും ഭർത്താവിനെയും ഹമാസ് കൊലപ്പെടുത്തിയെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ മധുര നായിക് വ്യക്തമാക്കുന്നത്. നാഗിൻ എന്ന ടിവി പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തയായ താരമാണ് മധുര നായിക്.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ശനിയാഴ്ച മക്കളുടെ മുന്നിൽവെച്ച് ഇരുവരും കൊല്ലപ്പെടുകയായിരുന്നുവെന്നും താരം പറയുന്നു. ഇരുവശത്തുനിന്നുമുള്ള ഒരു തരത്തിലുള്ള അക്രമത്തെയും താൻ പിന്തുണയ്ക്കുന്നില്ല. എന്നാൽ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും മധുര നായിക് പറഞ്ഞു.

"ഞാൻ, മധുര നായിക്, ഇന്ത്യൻ വംശജയായ ഒരു ജൂതയാണ്. ഇന്ത്യയിൽ ഇപ്പോൾ ഞങ്ങൾ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം, അതായത് ഒക്ടോബർ 7 ന് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു മകളെയും മകനെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്റെ ബന്ധുവായ ഒഡയയും ഭർത്താവും രക്തരൂക്ഷിതമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്വന്തം മക്കളുടെ മുന്നില്‍ വെച്ചാണ് അവർ കൊല്ലപ്പെടുന്നത്." മധുര നായിക് പറയുന്നു
ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേൽ വലിയ വേദനയിലാണ്. കുട്ടികളും സ്ത്രീകളും തെരുവുകളും ഹമാസിന്റെ രോഷത്തിൽ എരിയുകയാണ്. സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും അടക്കം ദുർബലരെയാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും താരം വ്യക്തമാക്കുന്നു.
"ഇന്നലെ, ഞാൻ എന്റെ സഹോദരിയുടെയും അവളുടെ കുടുംബത്തിന്റെയും ചിത്രം പോസ്റ്റ് ചെയ്തു. അതിന് ശേഷം തനിക്കെതിരെ വലിയ പ്രതിഷേധമുണ്ടായി. ഫലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിൽ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതയായതിന്റെ പേരിൽ ഞാന്‍ അപമാനിക്കപ്പെട്ടു" മധുര നായിക് ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
ഇസ്രായേൽ ഒരു രക്തകൊതിയന്മാരായ കൊലയാളിയാണെന്ന ഈ ഫലസ്തീൻ അനുകൂല അറബ് പ്രചാരണം ശരിയല്ല. സ്വയം പ്രതിരോധം തീവ്രവാദമല്ല. ഏതെങ്കിലും തരത്തിലുള്ള അക്രമത്തെയോ ഇരുവശത്തുനിന്നും സാധാരണ ജനങ്ങളെ അടിച്ചമർത്തുന്നതിനെയോ ഞാൻ പിന്തുണയ്ക്കുന്നില്ലെന്ന് വളരെ വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അവർ തുടരുന്നു.
അതേസമയം, ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സൈന്യം ഇന്ന് രാവിലെ അറിയിച്ചു. നൂറ്റമ്പതോളം സൈനികരെയും, സാധാരണ ജനങ്ങളെയും ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നു. അതേസമയം ഇരുപക്ഷത്ത് നിന്നുമുള്ള മരണനിരക്ക് മൂവായിരം പിന്നിട്ടതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സംഘർഷം രൂക്ഷമായതോടെ കുടിവെള്ളവും ഭക്ഷണവുമില്ലാത്ത അവസ്ഥയിലാണ് ഗാസ നിവാസികള്‍. ആക്രമണം തുടങ്ങിയതിന് ശേഷം മേഖലയില്‍ വൈദ്യുതിയുമില്ല. അതിനിടെ യുഎഇ പലസ്തീന്‍ ജനതയ്ക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications