നടി മീന ബിജെപിയിലേക്ക്? അഭ്യൂഹത്തിന് കാരണം അപ്രതീക്ഷിത കൂടിക്കാഴ്ച, കേന്ദ്രമന്ത്രിയാകുമോ
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ നടി മീന ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. അടുത്ത കാലത്ത് അവര്‍ നടത്തുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും പരിപാടികളുമാണ് ഇതിന് കാരണം. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം അവര്‍ ഡല്‍ഹിയിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധങ്കറുമായി ചര്‍ച്ച നടത്തി. ഇതിന്റെ ചിത്രം മീന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ദൃശ്യം ഉള്‍പ്പെടെ സൂപ്പര്‍ മലയാള സിനിമകളില്‍ വേഷമിട്ട മീനയ്ക്ക് തെന്നിന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൡും ആരാധകരുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ പാര്‍ട്ടിക്ക് ഗുണം ലഭിക്കുമെന്നും പറയപ്പെടുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ കൂടിയാണ് ഈ പ്രചാരണം. മീനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പുതിയ അഭ്യൂഹങ്ങള്‍ ഇങ്ങനെയാണ്....

മീന ബിജെപിയില്‍ ചേരുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ നടി ഇക്കാര്യം ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീന കൂടുതലും പങ്കുവച്ചിട്ടുള്ളത് കുടുംബപരമായ കാര്യങ്ങളും യാത്രകളും മറ്റുമാണ്. ഇതില്‍ രാഷ്ട്രീയകാര്യങ്ങളില്ല എന്നതും എടുത്തു പറയണം.
കേന്ദ്രമന്ത്രിയാകുമെന്നും പ്രചാരണം
മീന ബിജെപിയില്‍ ചേരുമെന്നും കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുക്കുമെന്നുമാണ് മറ്റൊരു പ്രചാരണം. മീനയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടെന്നും പറയപ്പെടുന്നു. അതിന്റെ ഭാഗമായിട്ടാണ് അടുത്തിടെ അവര്‍ പലതവണ ഡല്‍ഹി സന്ദര്‍ശിച്ചതത്രെ. പൊങ്കല്‍ ആഘോഷത്തിന് കേന്ദ്ര സഹമന്ത്രി എല്‍ മുരുകന്റെ ഡല്‍ഹിയിലെ വസതിയില്‍ മീന എത്തിയിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ആ വേളയില്‍ നടി നിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മീന ഡല്‍ഹിയില്‍ എത്തിയത് എന്തിനാണ് എന്ന് വ്യക്തമല്ല. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രചാരണമുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കൂടുതല്‍ തമിഴ് സിനിമാ താരങ്ങളെ പാര്‍ട്ടിയമായി അടുപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
നടി ഖുഷ്ബു, ആര്‍ ശരത്കുമാര്‍ എന്നിവരെല്ലാം നിലവില്‍ തമിഴ്‌നാട് ബിജെപിയില്‍ സജീവമാണ്. നേരത്തെ ഗൗതമി ഉണ്ടായിരുന്നെങ്കിലും അവര്‍ ഇപ്പോള്‍ സജീവമല്ല. ഈ സാഹചര്യത്തിലാണ് മീനയെ പാര്‍ട്ടി നേതൃത്വം അടുപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിവരം. മീനയെ കേന്ദ്രമന്ത്രിയാക്കി തമിഴ്‌നാട്ടില്‍ പ്രചാരണ രംഗത്ത് സജീവമാക്കുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വളരെ ചെറുപ്പത്തില്‍ സിനിമാ രംഗത്ത് എത്തിയ നടിയാണ് മീന. പിന്നീട് നായികയായി തിളങ്ങിയ അവര്‍ തെന്നിന്ത്യയിലെ പ്രധാന താരമായി മാറുകയും ചെയ്തു. തമിഴ്, മലയാളം, കന്നഡ, തെലുഗു സിനിമകളിലെല്ലാം മീന അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുഗ്, കന്നഡ സിനിമാ രംഗത്തുനിന്ന് നിരവധി പേര്‍ നേരത്തെ രാഷ്ട്രീയത്തിലുണ്ട്. സമീപകാലത്ത് മലയാള സിനിമയിലും ഈ ട്രെന്‍ഡ് കാണുന്നുണ്ട്. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 2022ല്‍ മരിച്ചിരുന്നു. മകള്‍ നൈനിക വിജയ് നായകനായ തെരി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്.












Click it and Unblock the Notifications