നടി നിഖിത അന്തരിച്ചു; വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു, തലയ്‌ക്കേറ്റ പരിക്ക് മരണകാരണം
കട്ടക്ക്: ഒഡീഷയിലെ ജനപ്രിയ നടി നിഖിത അന്തരിച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ലക്ഷ്മി പ്രിയ ബെഹ്‌റ എന്നാണ് നിഖിതയുടെ യഥാര്‍ഥ പേര്. എന്നാല്‍ നിഖിത എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ആദ്യം കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് പരിക്ക് ഗുരുതരമാണെന്ന് കണ്ട് എസ്‌സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകള്‍ നല്‍കിയെങ്കിലും ദേഹാസ്വാസ്ഥ്യം വര്‍ധിക്കുകയാണ് ചെയ്തത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി മറ്റൊരു സ്വകാര്യ ആശുപത്രിയിലക്ക് മാറ്റി.
അസ്വാഭാവിക മരണത്തിന് മാര്‍ക്കറ്റ് നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പോലീസ് പറഞ്ഞു. 2016ലാണ് നിഖിതയുടെ വിവാഹം നടന്നത്. ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. വിവാഹത്തിന് ശേഷവും മഹാനദി വിഹാറിലെ വീട്ടിലാണ് നിഖിത കൂടുതലും താമസിച്ചിരുന്നത്.
ഒഡീഷയിലെ സിനിമകളിലും സീരിയലുകളിലും പ്രധാന വേഷങ്ങള്‍ ചെയ്ത നടിയാണ് നിഖിത. തപസ്യ എന്ന സീരിയലില്‍ എസിപി നിഖിത എന്ന കഥാപാത്രമായി വേഷമിട്ടതിന് ശേഷമാണ് അവര്‍ നിഖിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നിഖിതയുടെ അപ്രതീക്ഷിത മരണത്തില്‍ ഒഡീഷ സിനിമാ മേഖലയിലുള്ളവര്‍ നടുക്കം രേഖപ്പെടുത്തി.












Click it and Unblock the Notifications