ഇനി അഭിനയിക്കില്ല... നടി ഹിമാലയം കയറുന്നു, സന്യാസ ജീവിതം നയിക്കാന്‍ നുപുര്‍ അലങ്കാര്‍
ന്യൂഡല്‍ഹി: പ്രശസ്ത നടി നുപുര്‍ അലങ്കാര്‍ സിനിമാ ജീവിതം മതിയാക്കുന്നു. സന്യാസത്തിലേക്ക് മാറാന്‍ അവര്‍ തീരുമാനിച്ചു. ടെലിവിഷന്‍ ഷോകളിലും ഇനി പ്രത്യക്ഷപ്പെടില്ല. ഏറെ കാലമായുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിട്ടാണ് നടിയുടെ പുതിയ തീരുമാനം. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി ഇക്കാര്യം തുറന്നുപറഞ്ഞു.
കുറച്ച് മാസങ്ങളായി സന്യാസ ജീവിതത്തിന്റെ പാതയിലായിരുന്നു താനെന്ന് നുപുര്‍ അലങ്കാര്‍ പറയുന്നു. സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഞെട്ടലുണ്ടാക്കുന്ന തീരുമാനമാണ് നടിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭര്‍ത്താവിന്റെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് നടി നല്‍കിയത് രസകരമായ മറുപടിയാണ്....

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് നുപുര്‍ അലങ്കാര്‍. നിരവധി ബോളിവുഡ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയുടെ തിളക്കമാര്‍ന്ന ലോകത്ത് നിന്ന് അവര്‍ ഒഴിഞ്ഞിരിക്കുകയാണിപ്പോള്‍. ആത്മീയതയിലേക്ക് വഴിമാറി സഞ്ചരിക്കാനാണ് താരത്തിന് ഇഷ്ടം. ഇനി സന്യാസ ജീവിതം നയിക്കുമെന്ന് നടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയാണ് നുപുര്‍ അലങ്കാര്‍. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സന്യാസ ജീവത്തിലേക്ക് പ്രവേശിച്ചുവെന്നാണ് നടി സൂചിപ്പിക്കുന്നത്. തീര്‍ഥാടനവും പുണ്യ കേന്ദ്രങ്ങളുടെ സന്ദര്‍ശനവും പിന്നീട് പതിവാക്കി. തീര്‍ഥാടകരെ സഹായിക്കുന്നതിവും അവര്‍ സംതൃപ്തി കണ്ടെത്തുന്നു. ആത്മീയതയില്‍ തനിക്ക് സുഖകരമായ അനുഭൂതിയുണ്ടെന്ന് നടി കൂട്ടിച്ചേര്‍ക്കുന്നു.

ഗുരു ശംഭു ശരണ്‍ ഝായുടെ ആശീര്‍വാദങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. സിനിമാ രംഗത്ത് ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കുമെല്ലാം നുപുര്‍ അലങ്കാര്‍ നന്ദി പറഞ്ഞു. സിനി ആന്റ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അംഗമായിരുന്നു അവര്‍. ഗുരുവുമായുള്ള ബന്ധമാണ് ആത്മീയതയിലേക്ക് തന്നെ എത്തിച്ചതെന്നും നടി വിശദീകരിച്ചു.

മുംബൈയിലായിരുന്നു നടി നുപുര്‍ അലങ്കാറിന്റെ താമസം. ഇപ്പോള്‍ അവര്‍ ഫ്‌ളാറ്റ് ഒഴിഞ്ഞു. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവയോട് ഈ തീരുമാനം എടുക്കുന്നതില്‍ പ്രത്യേകിച്ച് ചോദിച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്യാസ ജീവിതത്തിലേക്ക് മാറുന്നത് സംബന്ധിച്ച് മുമ്പ് താന്‍ പറഞ്ഞിരുന്നു. തീരുമാനം എടുക്കാന്‍ അദ്ദേഹം അനുമതി നല്‍കിയതാണെന്നും നടി വിശദീകരിച്ചു.

ഭര്‍ത്താവും താനും ഒരുമിച്ചായിരുന്നില്ല താമസം. അതുകൊണ്ടുതന്നെ നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തേണ്ട ആവശ്യവുമില്ല. ഭര്‍ത്താവിന്റെ കുടുംബത്തിനും തന്റെ തീരുമാനത്തില്‍ അതൃപ്തിയുണ്ടാകില്ല. ഇനി പുതിയ ജീവിതമാണെന്നും നുപുര്‍ അലങ്കാര്‍ പറയുന്നു. ശക്തിമാന്‍, ഗര്‍ കി ലക്ഷ്മി ബേട്ടിയാന്‍, ബാദ് രെ മന്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് നുപുര്‍ അലങ്കാര്‍.












Click it and Unblock the Notifications