നടി പാർവ്വതിക്കെതിരെ വീട്ടുജോലിക്കാരൻ, പോലീസിൽ പരാതി, 'നടിയും ആൺസുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു'
ചെന്നൈ: ഇക്കഴിഞ്ഞ ദിവസമായിരുന്നു ത്‍റെ വീട്ടിൽ വൻ മോഷണം നടന്നുവെന്ന പരാതിയുമായി നടി പാർവ്വതി നായർ പോലീസിനെ സമീപിച്ചത്. ആഡംബര വാച്ചുകളും ലാപ്ടോപ്പും മൊബൈലും ലക്ഷക്കണക്കിന് രൂപയും തന്റെ വീട്ടു ജോലിക്കാരൻ മോഷ്ടിച്ചുവെന്നാണ് പാർവ്വതി നായർ പരാതിപ്പെട്ടത്. മോഷണത്തിന് ശേഷം ഇയാൾ മുങ്ങിയതായും നടി ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വീട്ടുജോലിക്കാൻ. തനിക്കെതിരായ കേസ് കള്ളക്കേസ് ആണെന്നാണ് ഇയാൾ പറയുന്നത്.

പാർവ്വതി നായർ താമസിക്കുന്ന ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ കവർച്ച നടന്നുവെന്നായിരുന്നു നടിയുടെ പരാതി. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്നും തിരിച്ചെത്തിയപ്പോഴാണ് പണമടക്കം വിലപിടിപ്പുള്ള പലതും മോഷണം പോയതായി കണ്ടെത്തിയതെന്നും പാർവ്വതി പരാതിയിൽ പറഞ്ഞിരുന്നു.രണ്ട് ലക്ഷം രൂപയുടെ ലാപ്‌ടോപ്പ്, ഒമ്പത് ലക്ഷം രൂപയുടെ രണ്ടു വാച്ചുകള്‍, 1.3 ലക്ഷം രൂപയുടെ 2 മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതിയിൽ ഉള്ളത്.

സംഭവത്തിന് ശേഷം വീട്ടുജോലിക്കാരനെ കാണാതായെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ചും ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമെല്ലാമായിരുന്നു അന്വേഷണം പുരോഗമിച്ചത്. വീട്ടു ജോലിക്കാരൻ അല്ലാതെ മറ്റാരെങ്കിലും നടിയുടെ വീട്ടിൽ എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോലിക്കാരൻ നടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി സുഭാഷ് ചന്ദ്രബോസ് ആണ് പരാതി കൊടുത്തത്. കഴിഞ്ഞ രണ്ട് വർഷമായി താൻ പാർവ്വതിയുടെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും തെറ്റിധാരണയുടെ പുറത്ത് നടി തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ഇയാൾ ആരോപിച്ചു.

ഒരു നിർമ്മാതാവ് നടിയെ നിരീക്ഷിക്കാനായിട്ട് തന്നെ ആ വീട്ടിലേക്ക് അയച്ചതാണെന്നാണ് പാർവ്വതി സംശിക്കുന്നത്. ഇതോടെ അവർ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയായുമായിരുന്നു. ഇവരുടെ ആൺ സുഹൃത്തുക്കളെ കൂട്ടി വന്നാണ് തന്നെ ഉപദ്രവിച്ചതെന്നും ഇയാൾ പറയുന്നു.

നടി പാർവ്വതി നായർ മലയാളിയാണ്. യു എ ഇയിൽ ജനിച്ച് വളർ ന്ന താരം മോഡലിംഗിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. ബ്യൂട്ടിഫുള്‍, പോപ്പിന്‍സ്, യക്ഷി, ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളം കന്നഡ സിനിമകളിൽ ഏറെ സജീവമാണ് താരം.












Click it and Unblock the Notifications