നടി രഞ്ജന നച്ചിയാര്‍ ബിജെപി വിട്ടു; ത്രിഭാഷ നയം തിരിച്ചടിയായി, ഇനി വിജയുടെ പാര്‍ട്ടിക്കൊപ്പം?
ചെന്നൈ: നടി രഞ്ജന നച്ചിയാര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷ നയം കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്ന രഞ്ജന നച്ചിയാറിന്റെ രാജി തമിഴ്‌നാട് ബിജെപിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കൂടുതല്‍ പേര്‍ രാജിവയ്ക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രാജിക്കത്തില്‍ നടി വ്യക്തമാക്കി. തമിഴ് വനിത എന്ന നിലയില്‍ തനിക്ക് ത്രിഭാഷ നയം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് രഞ്ജന നച്ചിയാര്‍ പറഞ്ഞു. ദ്രാവിഡ സമൂഹത്തെ അപമാനിക്കുന്ന നടപടികളുമായി യോജിക്കാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

തമിഴ് ജനതയുടെ അഭിലാഷങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുകയാണ് ചെയ്യുന്നത്. ദേശീയത, രാജ്യസ്‌നേഹം തുടങ്ങിയ ആശയത്തിലൂന്നിയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നത്. എന്നാല്‍ ബിജെപിയുടെ നയം കേന്ദ്രീകരണമാണ്. തമിഴ് സംസ്‌കാരം പൂര്‍ണമായി ഇല്ലാതാക്കാനാണ് ശ്രമം. തമിഴ്‌നാടിനെ കേന്ദ്രം അവഗണിക്കുകയാണെന്നും രഞ്ജന നച്ചിയാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാണ്. ഭരണകക്ഷിയായ ഡിഎംകെ പ്രത്യക്ഷ സമരം ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനെ അവഗണിക്കുന്നു എന്ന വികാരവും സംസ്ഥാനത്ത് ശക്തിപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് രഞ്ജന നച്ചിയാരുടെ രാജി. തമിഴ്‌നാടിന് യോജിച്ച നയമല്ല ബിജെപിക്കുള്ളതെന്ന് രഞ്ജന പറഞ്ഞു.
അതേസമയം, രഞ്ജന നച്ചിയാറിന്റെ അടുത്ത നീക്കം എന്താകുമെന്ന ചോദ്യവും തമിഴ്‌നാട്ടില്‍ ഉയര്‍ന്നിട്ടുണ്ട്. വനിതകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ സ്വന്തമായി സംഘടന രൂപീകരിച്ചേക്കുമെന്നാണ് ഒരു വിവരം. അതല്ല, മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ രഞ്ജന നച്ചിയാര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുമായി രഞ്ജന നച്ചിയാര്‍ സഹകരിച്ചേക്കുമെന്നാണ് മറ്റൊരു വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ടിവികെയുടെ രണ്ടാം വാര്‍ഷിക ആഘോഷം ബുധനാഴ്ച നടക്കുന്നുണ്ട്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ വിജയ്‌ക്കൊപ്പം ഈ പരിപാടിയില്‍ സംബന്ധിച്ചേക്കും. എന്‍ടികെയുടെ കാളിയമ്മാള്‍ പ്രകാശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വേളയില്‍ ടിവികെയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications