15 ദിവസത്തിനിടെ 4 ദുബായ് സന്ദര്‍ശനം; കടത്തിയത് കോടികളുടെ സ്വര്‍ണം, ബെംഗളൂരുവില്‍ നടി റന്യ പിടിയില്‍
ബെംഗളൂരു: കന്നഡ നടി റന്യ റാവു കോടികളുടെ വിലമതിക്കുന്ന സ്വര്‍ണവുമായി പിടിയില്‍. ബെംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് നടിയില്‍ നിന്ന് കണ്ടെടുത്തതെന്ന് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ നടിയെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കന്നഡ സിനിമാ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് സംഭവം. സ്വര്‍ണം കടത്തലില്‍ എങ്ങനെയാണ് അറിയപ്പെടുന്ന നടി ഭാഗമായത് എന്നാണ് ഏവരും ചോദിക്കുന്നത്. നടിയെ സംശയക്കുന്നതിലേക്ക് എത്തിയത് എങ്ങനെ എന്ന് അന്വേഷണ സംഘം വിശദീകരിച്ചു...

കന്നഡ സൂപ്പര്‍ സ്റ്റാര്‍ സുദീപിനൊപ്പം മാണിക്യ എന്ന സിനിമയില്‍ വേഷമിട്ടതോടെയാണ് റന്യ റാവു ശ്രദ്ധിക്കപ്പെട്ടത്. ഇത് കൂടാതെ മറ്റു തെന്നിന്ത്യന്‍ സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സ്വര്‍ണം കൊണ്ടുവന്നതില്‍ നടിക്ക് മാത്രമാണോ ബന്ധമുള്ളത്, അല്ലെങ്കില്‍ ഇന്ത്യയ്ക്കും ദുബായിക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ഭാഗമാണോ നടി എന്നും അന്വേഷിച്ചു വരികയാണ്.
15 ദിവസത്തിനിടെ നടി നാല് തവണ ദുബായ് സന്ദര്‍ശനം നടത്തിയതോടെയാണ് നടി റന്യ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായത്. ദുബായില്‍ കാര്യമായ പരിപാടികള്‍ അവര്‍ക്കില്ല എന്ന് പോലീസിന് സൂചന ലഭിച്ചു. പിന്നെ എന്തിന് തുടര്‍ച്ചയായി ദുബായില്‍ പോകണം എന്ന സംശയമായി. തിങ്കളാഴ്ച രാത്രി മടങ്ങി വരവെയാണ് റന്യയെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇതിന് മുമ്പും നടി സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
കര്‍ണാടകയിലെ പ്രമുഖ ഐപിഎസ് ഓഫീസര്‍ ആയ കെ രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളാണ് 33കാരിയായ റന്യ റാവു. കര്‍ണാടകയില്‍ ഡിജിപി റാങ്കിലുള്ള ഓഫീസറാണ് രാമചന്ദ്ര റാവു. ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് റന്യ ബെംഗളൂരുവില്‍ എത്തിയത്. ഇനി തിരിച്ചുവരുമ്പോള്‍ റന്യയെ പരിശോധിക്കണം എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഉന്നത ബന്ധങ്ങള്‍ വച്ച് കസ്റ്റംസ് പരിശോധനയില്‍ നിന്ന് റന്യ രക്ഷപ്പെടാറുണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. താന്‍ ഡിജിപിയുടെ മകളാണ് എന്നാണ് റന്യ പിടിയിലായ ആദ്യം പ്രതികരിച്ചതത്രെ. വീട്ടിലേക്ക് പോകാന്‍ ലോക്കല്‍ പോലീസിന്റെ അകമ്പടിയും അവര്‍ ആവശ്യപ്പെട്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിന്റെ ഒരു ഭാഗത്ത് സ്വര്‍ണം ചേര്‍ത്തു പിടിപ്പിച്ചത് കണ്ടത്.
ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കോ കസ്റ്റംസ് ഓഫീസര്‍ക്കോ നടിയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ അറിയുമോ എന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഇതിന് മുമ്പ് സ്വര്‍ണം കൊണ്ടുവന്നിരുന്നോ എന്നും അന്വേഷിച്ച് വരികയാണ്. നടിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇനി വിശദമായി ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.












Click it and Unblock the Notifications