എന്നാലും ഇങ്ങനെയൊരു പണി: രശ്മിക മന്ദാനയെ 85 ലക്ഷം പറ്റിച്ചത് സ്വന്തം മനേജർ, പിടിച്ച് പുറത്താക്കി താരം
സാമ്പത്തിക ക്രമക്കേട് നടത്തിയ മാനേജരെ പിരിച്ചുവിട്ട് നടി രശ്മിക മന്ദാന. ദീർഘകാലമായി താരത്തോടൊപ്പം പ്രവർത്തിക്കുന്ന മാനേജർ 85 ലക്ഷത്തോളം രൂപ നടിയില്‍ നിന്നും തട്ടിപ്പിലൂടെ സ്വന്തമാക്കുകയായിരുന്നു. തട്ടിപ്പിനെക്കുറിച്ച് ബോധ്യപ്പെട്ട താരം കരിയറിന്റെ തുടക്കം മുതൽ തന്നോടൊപ്പം ഉണ്ടായിരുന്ന മാനേജരെ ഉടൻ തന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മാനേജരുടെ ഭാഗത്ത് നിന്നും വലിയ രീതിയുള്ള വഞ്ചനായാണ് താരത്തിന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുമ്പോഴും സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ രശ്മിക മന്ദാന തയ്യാറായിട്ടില്ല.

"രശ്മികയില്‍ നിന്നും അവളുടെ മാനേജർ 80 ലക്ഷം രൂപ തട്ടിയെടുത്തതിനെക്കുറിച്ച് ചില സംസാരമുണ്ട്. പ്രത്യക്ഷത്തിൽ, അതിനെക്കുറിച്ച് പ്രതികരിച്ച് ഒരു രംഗം സൃഷ്ടിക്കാൻ താരം ആഗ്രഹിച്ചില്ല. അതിനാൽ, തന്റെ മാനേജരെ പുറത്താക്കിക്കൊണ്ട് അവർ ആ വിഷയം സ്വയം കൈകാര്യം ചെയ്തു, "ഒരു ഉറവിടത്തെ ഉദ്ധരിച്ചുകൊണ്ട് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് ഇരയാവുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് രശ്മിക മന്ദാന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതേ കാരണം തന്നെയാവാം തട്ടിപ്പിന് ഇരയായ വിവരം പുറത്ത് പറയാത്തതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, മനേജർ 85 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വാർത്ത രശ്മിക നിഷേധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കബളിപ്പിച്ചെന്ന കാരണത്താൽ മാനേജറെ രശ്മിക പറഞ്ഞു വിട്ടെന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധവും വ്യാജവുമാണെന്നാണ് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
തെന്നിന്ത്യയിലെ മാനേജർ ഒരുപാട് കാലമായി താരത്തിനൊപ്പമുണ്ട്. അവരുടേതായ വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും സൗഹാർദപരമായി തന്നെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
അല്ലു അർജ്ജുന്‍ നായകനാവുന്ന പുഷ്പു 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് താരം സ്വന്തം മനേജരാല്‍ വഞ്ചിക്കപ്പെട്ട വാർത്തയും പുറത്ത് വരുന്നത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന 'അനിമൽ' എന്ന ചിത്രവും രശ്മിക മന്ദാനയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 'അനിമൽ' ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.
ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നുവിലെ രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.












Click it and Unblock the Notifications