വിജയിയെ പുകഴ്ത്തി നടി റോജ; ടിവികെ യോഗത്തില്‍ മറ്റു പാര്‍ട്ടിയിലുള്ളവരും പങ്കെടുത്തെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് വെട്രി കഴകം (TVK) നേതാവ് വിജയ് പങ്കെടുത്ത ഈറോഡിലെ പൊതുയോഗത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളും പങ്കെടുത്തതായി രഹസ്യാന്വേഷണ റിപ്പോർട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ തമിഴ്‌നാട് ഘടകവും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സർവേയിലെ കണ്ടെത്തലാണിത്.
ഈറോഡ് യോഗത്തിൽ പങ്കെടുത്തവരുമായി സംസാരിച്ച ഉദ്യോഗസ്ഥർ അവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സമർപ്പിച്ചു. റാലിയിൽ പങ്കെടുത്ത ആളുകൾ ആരായിരുന്നു? സുരക്ഷ എങ്ങനെയാണ് ഉറപ്പാക്കിയത് എന്നതെല്ലാം ഉദ്യോഗസ്ഥര് നിരീക്ഷിച്ചിരുന്നു.

15,000-ത്തിലധികം പേർ വിജയിയെ കാണാൻ എത്തിച്ചേർന്നുവത്രെ. യോഗത്തിൽ പങ്കെടുത്തവരിൽ 35 വയസ്സിൽ താഴെയുള്ളവർ 70 ശതമാനത്തിലധികമായിരുന്നു. എത്തിയവരുടെ വാഹനങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണത്തിൽ പലതിലും മറ്റ് പാർട്ടികളുടെ ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും കൊടികളും ഉണ്ടായിരുന്നു. വിജയിയെ കാണാനാണ് തങ്ങൾ വന്നതെന്ന് അവർ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഈറോഡ് ജില്ലയിൽ നിന്ന് 70 ശതമാനം പേരും അയൽ ജില്ലകളില് നിന്നും കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നു 30 ശതമാനം പേരും പങ്കെടുത്തതായി ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഏപ്രിൽ മാസത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകും. തിരഞ്ഞെടുപ്പിന് കുറഞ്ഞ സമയം മാത്രം ശേഷിക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികളിൽ സജീവമാണ്. TVK അധ്യക്ഷൻ വിജയിയും റാലികളിലും പൊതുയോഗങ്ങളിലും സജീവമാണ്.
നടി റോജയുടെ പ്രതികരണം
ആന്ധ്രയുടെ മുൻമന്ത്രിയും നടിയുമായ റോജ വിജയുടെ ഈറോഡ് യോഗം കണ്ടപ്പോൾ താൻ ശരിക്കും ഞെട്ടിയെന്ന് പ്രതികരിച്ചു. "ഒരു മുഖ്യമന്ത്രിയുടെ റാലി സംഘടിപ്പിക്കാൻ നിരവധി പേർ രാവും പകലും പ്രയത്നിക്കണം. മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, എസ്പിമാർ, കളക്ടർമാർ തുടങ്ങി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാലേ അത് വിജയകരമാകൂ. എന്നാൽ, തമിഴ് വെട്രിക്കഴകത്തിന് വലിയ നേതാക്കളോ ആവശ്യത്തിന് അണികളോ ഇല്ലാത്തപ്പോഴും ഇത്രയും വലിയൊരു യോഗം വിജയ് എങ്ങനെ സംഘടിപ്പിച്ചു എന്ന് മനസ്സിലാകുന്നില്ല," റോജ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വിജയിയോട് ചില പ്രതീക്ഷകളുണ്ടെന്നും അത് മനസ്സിലാക്കി അവർക്ക് നൽകുമ്പോൾ മാത്രമേ ജനപിന്തുണ ഉറപ്പാകൂ എന്നും അവർ അഭിപ്രായപ്പെട്ടു.
യുട്യൂബര്‍ ടിവികെയില്‍ ചേര്‍ന്നു
പ്രമുഖ യൂട്യൂബര്‍ ഫെലിക്സ് ജെറാൾഡ് തമിഴക വെട്രി കഴകത്തിൽ ചേർന്നു. പാനയൂരിൽ വെച്ച് വിജയിയെ നേരിൽ സന്ദർശിച്ചാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഫെലിക്സ് ഈ വിവരം തന്റെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോടൊപ്പം പങ്കുവെച്ചു.
"51 വയസ്സുള്ള ഞാൻ, 12 വർഷത്തെ ബിസിനസ്സ് ഉത്തരവാദിത്തങ്ങൾ ഉപേക്ഷിച്ച് അടുത്ത തലമുറയ്‌ക്കായി മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഒരു പ്രസ്ഥാനത്തിൽ ചേരാൻ തീരുമാനിച്ചു. തമിഴ്‌നാടിന്റെ ഭാവിയും പ്രതീക്ഷയുമായി കരുതുന്ന സഹപാഠിയും സുഹൃത്തുമായ വിജയിയെ കണ്ടതിൽ സന്തോഷം. വിജയ്, ഇത് നമ്മൾ തീർച്ചയായും പൂർത്തിയാക്കും" എന്നും ഫെലിക്സ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications