'ഇന്നത്തെ കാലത്തും ഇങ്ങനൊക്കെ നടക്കുമോ..'; ഫ്‌ളാറ്റിലെ കുടിവെള്ളം മുട്ടിച്ചു, സമരത്തില്‍ പങ്കെടുത്ത് ഷക്കീല
ചെന്നൈ: കുടിവെള്ള കണക്ഷന്‍ തടസപ്പെടുത്തിയതിന് എതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് നടി ഷക്കീല. ചെന്നൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ നടത്തിയ തെരുവ് സമരത്തില്‍ ആണ് ഷക്കീലയും ഭാഗമായത്. ചൂളൈമേട്ടിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ ആണ് തിങ്കളാഴ്ച രാത്രി കുടിവെള്ള കണക്ഷന്‍ തടസപ്പെട്ടതിന് എതിരെ സമരം നടത്തിയത്.
പ്രതിഷേധം നടക്കുന്നതിനിടെ ഷക്കീലയും അപ്രതീക്ഷിതമായി ഇവിടേക്ക് എത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് മുന്നിലെത്തിയ ഷക്കീല അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും. ചെയ്തു. 40 ഓളം കുടുംബങ്ങളാണ് ഈ അപ്പാര്‍ട്ട്‌മെന്റിലുള്ളത്. ഇവരുടെ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ നടപടിയെയും ഷക്കീല ചോദ്യം ചെയ്തു. അതേസമയം ഈ ഫ്‌ളാറ്റിലെ താമസക്കാരിയല്ല ഷക്കീല.

ഫ്‌ളാറ്റിലെ താമസക്കാരിയല്ലാതിരുന്നിട്ടും ഷക്കീല എന്തിനാണ് തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് സമരത്തിന്റെ ഭാഗമായതെന്ന് ആര്‍ക്കും ആദ്യം മനസ്സിലായില്ല. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടി ഒപ്പം നില്‍ക്കുന്നതറിഞ്ഞതോടെ സമരക്കാരും ആവേശത്തിലായി. സമരക്കാര്‍ക്കൊപ്പം ഷക്കീല പ്രസംഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
താമസക്കാരോട് അനീതി കാട്ടരുത് എന്നും കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഷക്കീല ആവശ്യപ്പെട്ടു. ചൂളൈമേട്ടിലെ ചിത്ര അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരാണ് സമരവുമായി എത്തിയത്. മൂന്ന് ദിവസമായി ഇവര്‍ക്ക് വെള്ളം നിഷേധിച്ചിരിക്കുകയാണ് എന്ന് ഷക്കീല പറയുന്നു. ഇവിടെ ഇരിക്കുന്നവരില്‍ പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് പലര്‍ക്കും ആര്‍ത്തവസമയമാണ്. എന്നാല്‍ അവര്‍ക്ക് വെള്ളം ലഭിക്കുന്നില്ല.
അടുത്ത വീട്ടില്‍ നിന്ന് പോലു വെള്ളം വാങ്ങരുത് എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഇന്നത്തെ കാലത്തും ഇതൊക്കെ നടക്കുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്നു. ഇതെന്ത് ന്യായമാണ് എന്നും ഷക്കീല ചോദിക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായാണ് ഞാന്‍ വന്നിരിക്കുന്നത് എന്നാണ് ഷക്കീല പറഞ്ഞത്. ഇതോടെ ഷക്കീലയെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു.
ചൂളൈമേട്ടിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ നാല്‍പ്പതില്‍ അധികം വീടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള തുക അടച്ചിരുന്നില്ല. ഇതിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംഭവിച്ച് ഫ്‌ളാറ്റ് മാനേജ്‌മെന്റ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. തിങ്കളാഴ്ച രാത്രി 20-ഓളം കുടുംബങ്ങള്‍ ആണ് സമരം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഷക്കീല തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. ഇതിന് താഴെ നിരവധി പേര്‍ ഷക്കീലയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications