സുമലത ബിജെപിയുടെ പട്ടികയില്‍ ഇല്ലായിരുന്നു; ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ഇടപെടല്‍, എങ്കിലും
നടി സുമലത അംബരീഷ് ഇത്തവണ രാജ്യസഭയിലേക്ക് മല്‍സരിക്കുമോ? സ്വതന്ത്രയായി ജനവിധി തേടി മികച്ച വിജയം നേടിയ സുമലത കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തിരുന്നു. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ബിജെപിയില്‍ ചേരുന്ന വേളയില്‍ സുമലതയ്ക്ക് ചില ഉറപ്പുകള്‍ കേന്ദ്ര നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മല്‍സരിച്ച് സുമലത ജയിച്ച മണ്ഡലമാണ് മാണ്ഡ്യ. 2024ല്‍ ബിജെപി നേതൃത്വത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് സീറ്റ് ജെഡിഎസിന് കൈമാറി. എച്ച്ഡി കുമാരസ്വാമി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര മന്ത്രിയാകുകയും ചെയ്തു. അന്ന് നല്‍കിയ വിട്ടുവീഴ്ചയ്ക്ക് ബദലായി സുമലതയെ രാജ്യസഭാ എംപിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.

ഈ മാസം 18നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നാല് സീറ്റുകളാണ് കര്‍ണാടകയില്‍ ഒഴിവ് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ, ബിജെപി നേതാക്കളായ ഇരണ്ണ കടാഡി, കെ നാരായണ എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. നിയമസഭയിലെ അംഗബലം നോക്കിയാല്‍ കോണ്‍ഗ്രസിന് മൂന്ന് പേരെ ജയിപ്പിക്കാം. ബിജെപിക്ക് ഒരാളെ രാജ്യസഭയിലേക്ക് അയക്കാം.
ബിജെപിയുടെ രാജ്യസഭാ അംഗമായി സുമലത ഡല്‍ഹിയിലെത്തുമെന്നാണ് പുതിയ വിവരം. കര്‍ണാടകയിലെ ബിജെപി നേതൃത്വം ചില നേതാക്കളുടെ പേര് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിരുന്നു. ഡിവി സദാനന്ദഗൗഡ, നിര്‍മര്‍ കുമാര്‍ സുരാന എന്നിവരുടെ പേരുകളാണ് നല്‍കിയത്. എന്നാല്‍ കേന്ദ്ര നേതൃത്വം സുമലതയുടെ പേരാണ് പരിഗണിക്കുന്നത്. അവരെ കുറിച്ചുള്ള വിവരം കേന്ദ്ര നേതൃത്വം തേടിയിട്ടുണ്ട്.
ജെഡിഎസ് ഉടക്കിട്ടു, ഇനി എന്തു ചെയ്യും
സീറ്റ് വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് ജെഡിഎസ്. എച്ച്ഡി ദേവഗൗഡയെ മല്‍സരിപ്പിക്കണം എന്ന് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനി ബിജെപി നേതൃത്വം എന്ത് നിലപാട് എടുക്കുമെന്നാണ് നിര്‍ണായകം. ജെഡിഎസിനെയും സുമലതയെയും പിണക്കാന്‍ സാധിക്കില്ല. സീറ്റ് സുമലതയ്ക്ക് നല്‍കി, ദേവഗൗഡയെ ഗുജറാത്തില്‍ നിന്നോ മറ്റോ രാജ്യസഭയില്‍ എത്തിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
സുമലതയ്ക്ക് ചില ഉറപ്പുകള്‍ അമിത് ഷായും നരേന്ദ്ര മോദിയും നല്‍കിയിട്ടുണ്ട്. പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി സുമലത അടുത്തിടെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്നുതന്നെ രാജ്യസഭയിലേക്ക് പോകണം എന്നാണ് ദേവഗൗഡയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ സുമലതയ്ക്ക് മറ്റൊരു സംസ്ഥാനം വഴി രാജ്യസഭയിലെത്താനുള്ള അവസരവും ഒരുക്കിയേക്കാം.
കോണ്‍ഗ്രസിന് കര്‍ണാടക നിയമസഭയില്‍ 135 അംഗങ്ങളുണ്ട്. ഒരംഗം മരിക്കുകയും മറ്റൊരു അംഗം അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെയാണ് ഈ സംഖ്യയില്‍ എത്തിയത്. മൂന്നുപേരെ രാജ്യസഭയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഖാര്‍ഗെ, ഒരു ഒബിസി നേതാവ് എന്നിവരെ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. മൂന്നാമത്തെ സീറ്റിലേക്ക് പവന്‍ ഖേര, സുപ്രിയ ശ്രിനാഥെ, വൈഎസ് ശര്‍മിള, ബിവി ശ്രീനിവാസ് എന്നിവരുടെ പേര് പരിഗണനയിലാണ്.















Click it and Unblock the Notifications