നടി വസുന്ധര ദാസിനെ നടുറോഡിൽ അപമാനിക്കാൽ ശ്രമിച്ചതായി പരാതി, കാറിൽ പിന്തുടർന്നു
ബെംഗളൂരു: നടിയും ഗായികയുമായ വസുന്ധരദാസിനെ ടാക്സി ഡ്രൈവർ നടുറോഡിൽ അപമാനിച്ചതായി പരാതി. ബംഗളൂരുവിൽ വച്ചാണ് സംഭവം. ടാക്സി തന്നെ നടുറോഡിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞുവെന്നും നാലു കിലോമീറ്ററോളം തന്റെ വാഹനത്തെ പിന്തുടർന്ന് വന്നുവെന്നും ചൂണ്ടിക്കാട്ടി മല്ലേശ്വരം പോലീസ് സ്റ്റേഷനിലാണ് വസുന്ധര ദാസ് പരാതി നൽകിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലരയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സിഗ്നലിൽ വെച്ച് വസുന്ധര കാർ തെറ്റായ ദിശയിലെടുത്ത് തന്റെ വഴിമുടക്കിയെന്നാരോപിച്ച ടാക്സി ഡ്രൈവർ വസുന്ധര ദാസിന് നേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വസുന്ധര കാറുമായി മുന്നോട്ട് നീങ്ങിയപ്പോൾ കാർ നിർത്തി പുറത്തിറങ്ങണമെന്നാവശ്യപ്പെട്ട് നാലു കിലോമീറ്ററോളം ഇയാൾ പിന്തുടരുകയും ചെയ്തു.

മറ്റൊരു സിഗ്നലിൽ കാർ നിർത്തേണ്ടി വന്നപ്പോൾ ടാക്സി ഡ്രൈവർ പുറത്തിറങ്ങി വീണ്ടും അധിക്ഷേപിച്ച് സംസാരിക്കാൻ തുടങ്ങി. തുടർന്ന് മല്ലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ വസുന്ധര പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരോപണ വിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല.
മോഹൽലാൽ ചിത്രമായ രാവണപ്രഭുവിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വസുന്ധര ദാസ്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വസുന്ധര ദാസ് മികച്ചൊരു ഗായിക കൂടിയാണ്. പത്ത് വർഷത്തോളമായി സിനിമയിൽ സജീവമല്ല












Click it and Unblock the Notifications