നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു; ഞെട്ടിത്തരിച്ച് സിനിമാ ലോകം
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടി ഗായത്രി (ഡോളി ഡി ക്രൂസ് ) വാഹനാപകടത്തില്‍ മരിച്ചു. 26 വയസായിരുന്നു. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഗായത്രിയും സുഹൃത്ത് റാത്തോഡും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. റാത്തോഡ് ആണ് വാഹനം ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റിരുന്ന ഗായത്രി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.
പ്രദേശവാസികള്‍ റാത്തോഡിനെ ഉടനടി സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ റാത്തോഡും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 38 വയസ്സുള്ള ഒരു കാല്‍നടയാത്രക്കാരിയും ഇതേ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഗച്ചിബൗലിയില്‍ വച്ചായിരുന്നു സംഭവം. വഴിയാത്രക്കാരിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു.

ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. കുറഞ്ഞ കാലയളവില്‍ തെലുങ്കില്‍ വലിയ ആരാധക പിന്തുണ നേടിയെടുത്ത നടിയാണ് ഗായത്രി. സ്വന്തം യുട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമാണ് ഗായത്രി ആസ്വാദക ശ്രദ്ധയിലേക്ക് ആദ്യം കടന്നുവരുന്നത്. പിന്നീട് തെലുങ്ക് വെബ് സിരീസ് ആയ മാഡം സര്‍ മാഡം ആന്തേയില്‍ അവതരിപ്പിച്ച വേഷം നിരൂപക ശ്രദ്ധ നേടി.
നിരവധി ഹ്രസ്വചിത്രങ്ങളിലും ഗായത്രി വേഷമിട്ടിരുന്നു. മദ്യലഹരിയിലാകാം അപകട കാരണമെന്നും ഹോളി ആഘോഷത്തിനിടെ ഗായത്രിയുടെ സുഹൃത്ത് അമിതമായി മദ്യപിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച് വൈദ്യപരിശോധന നടത്തിവരികയാണെന്നാണ് സൂചന. ഗായത്രിയുടെ മരണം തെലുങ്ക് സിനിമയെയും ആരാധകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
നടി സുരേഖ വാണിയാണ് ഗായത്രിയുടെ മരണവാര്‍ത്ത ആദ്യം പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. ഗായത്രിയുടെ മരണത്തില്‍ ആഘാതം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ എഴുതി, 'ഈ അമ്മയെ എങ്ങനെ ഉപേക്ഷിക്കാന്‍ കഴിയും..! ഒരുമിച്ച് മികച്ച സമയം ഉണ്ടായിരുന്നു..! എന്നിട്ടും എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല..! നിങ്ങള്‍ക്ക് ഉടന്‍ മടങ്ങിവരാന്‍ കഴിയുമോ നമ്മെ വിട്ടുപോകാന്‍ നേരത്തെ പോകേണ്ട സമയമായിട്ടില്ല..!ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു..! എന്നാണ് സുരേഖ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മാഡം സര്‍ മാഡം ആന്തേയില്‍ സുരേഖയുടെ മകളായിട്ടായിരുന്നു ഗായത്രി വേഷമിട്ടിരുന്നത്.












Click it and Unblock the Notifications