അദാനി ഗ്രീൻ എനർജിക്ക് റെക്കോർഡ് നേട്ടം: ഒരു വർഷത്തിനിടെ 5 ജിഗാവാട്ട് ശേഷി കൂടി വർദ്ധിപ്പിച്ചു
അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) 2025-26 സാമ്പത്തിക വർഷത്തിൽ സമാനതകളില്ലാത്ത വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 5 ജിഗാവാട്ടിലധികം (കൃത്യമായി 5,051 മെഗാവാട്ട്) പുനരുപയോഗ ഊർജ്ജ ശേഷി പുതുതായി കൂട്ടിച്ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ അദാനി ഗ്രീൻ എനർജിയുടെ ആകെ പ്രവർത്തനക്ഷമമായ പ്ലാന്റുകളുടെ ശേഷി 19.3 ജിഗാവാട്ടായി ഉയർന്നു. ചൈനയ്ക്ക് പുറത്ത് ആഗോളതലത്തിൽ ഒരു വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിപുലീകരണമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയതായി പ്രവർത്തനമാരംഭിച്ച ശേഷിയിൽ 3,409 മെഗാവാട്ട് സോളാർ പവറും, 686 മെഗാവാട്ട് വിൻഡ് എനർജിയും, 956 മെഗാവാട്ട് വിൻഡ്-സോളാർ ഹൈബ്രിഡ് പ്രോജക്റ്റുകളുമാണ് ഉൾപ്പെടുന്നത്. ഈ വിപുലീകരണം വഴി പ്രതിവർഷം ഏകദേശം 10 ദശലക്ഷം ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. കമ്പനിയുടെ ആകെ പ്രവർത്തന ശേഷി വഴി ഓരോ വർഷവും 36 ദശലക്ഷം ടൺ കാർബൺ ഉദ്‌വമനം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

ഗുജറാത്തിലെ ഖവ്ദയിൽ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ നിലയമാണ് ഈ നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത്. 538 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഖവ്ദ സൈറ്റിൽ മാത്രം ഇതിനകം 9.4 ജിഗാവാട്ട് ശേഷി കമ്പനി കൈവരിച്ചിട്ടുണ്ട്. 2029-ഓടെ ഇവിടെ 30 ജിഗാവാട്ട് ശേഷി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, ഗ്രിഡ് സുസ്ഥിരത ഉറപ്പാക്കുന്നതിനായി 1,376 മെഗാവാട്ട് ഹവർ ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേവലം എട്ട് മാസത്തിനുള്ളിലാണ് ഈ ബാറ്ററി സ്റ്റോറേജ് സംവിധാനം പൂർത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്.
ഖവ്ദ പ്രോജക്റ്റിൽ നൂതന സാങ്കേതിക വിദ്യകളായ ബൈഫേഷ്യൽ സോളാർ മൊഡ്യൂളുകൾ, സോളാർ ട്രാക്കറുകൾ, റോബോട്ടിക് ക്ലീനിംഗ് സിസ്റ്റം എന്നിവ ഉപയോഗിക്കുന്നുണ്ട്. 2030-ഓടെ ആകെ 50 ജിഗാവാട്ട് ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ പുതിയ റെക്കോർഡ് നേട്ടമെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി പറഞ്ഞു. ഭാരതത്തിന്റെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ആഗോള നേതൃത്വം ഉറപ്പിക്കുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications