ഇന്തോളജി പുനരുജ്ജവിപ്പിക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി അദാനി ഗ്രൂപ്പും ഐകെഎസും
ഇന്ത്യയുടെ പാരമ്പര്യത്തെയും വിജ്ഞാന പാരമ്പര്യങ്ങളെയും കുറിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, ഭാരതീയ വിജ്ഞാന ശാഖകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി പുതിയ പരിപാടിയുമായി അദാനി ഗ്രൂപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ഇന്ത്യൻ നോളജ് സിസ്റ്റംസ് (ഐകെഎസ്) വിഭാഗവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 20 മുതൽ 22 വരെ അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിലാണ് പരിപാടി നടക്കുക. ഇൻഡോളജി പഠനങ്ങൾക്ക് ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ പിന്തുണ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി നടത്താൻ അദാനി ഗ്രൂപ്പ് തയ്യാറാകുന്നത്.
ഇന്ത്യയുടെ നാഗരിക പഠനങ്ങളിൽ അക്കാദമികമായ സ്വാധീനം വർദ്ധിപ്പിക്കാനും തദ്ദേശീയമായ കാഴ്ചപ്പാടുകളിൽ ഊന്നിയുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഈ സഹകരണത്തിന്റെ ഭാഗമായി, അദാനി ഗ്രൂപ്പും ഐകെഎസും ചേർന്ന് 13.16 കോടി രൂപ ചെലവിൽ അഞ്ച് വർഷത്തെ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രമുഖ സ്ഥാപനങ്ങളിലെ 14 പിഎച്ച്.ഡി. ഗവേഷകർക്ക് ഇതിലൂടെ പിന്തുണ ലഭിക്കും. പാണിനീയ വ്യാകരണവും കമ്പ്യൂട്ടേഷണൽ ഭാഷാശാസ്ത്രവും, പുരാതന ജ്യോതിശാസ്ത്ര സംവിധാനങ്ങൾ, പരമ്പരാഗത എഞ്ചിനീയറിംഗ്, സുസ്ഥിരതാ രീതികൾ, ക്ലാസിക്കൽ സാഹിത്യം, തദ്ദേശീയ ആരോഗ്യസംരക്ഷണ ചട്ടക്കൂടുകൾ, രാഷ്ട്രീയ ചിന്തകൾ, പൈതൃക പഠനങ്ങൾ എന്നിവയായിരിക്കും ഇവരുടെ ഗവേഷണ വിഷയങ്ങൾ.
ഐഐടികൾ, ഐഐഎമ്മുകൾ, ഐകെഎസ് കേന്ദ്രീകൃത സർവകലാശാലകൾ, മുതിർന്ന അക്കാദമിക് വിദഗ്ധർ എന്നിവരുമായി നടത്തിയ കൂടിയാലോചനകളിലൂടെയാണ് ഗവേഷകരെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ശാസ്ത്രജ്ഞാനം ആധുനിക ഗവേഷണ രീതികളുമായി സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. ഡാറ്റാ സയൻസ്, സിസ്റ്റംസ് തിങ്കിംഗ്, മൾട്ടിമോഡൽ ആർക്കൈവിംഗ് തുടങ്ങിയ നൂതനമാർഗ്ഗങ്ങൾ ഇതിൽ ഉപയോഗപ്പെടുത്തും.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ൻ്റെ ഭാഗമായാണ് ഇന്ത്യൻ നോളജ് സിസ്റ്റംസ് (IKS) സ്ഥാപിച്ചത്. എഞ്ചിനീയറിംഗ്, പരിസ്ഥിതി ശാസ്ത്രം, ഭാഷാശാസ്ത്രം, പൊതു നയം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തിന്റെ തനത് അറിവുകളെ ആധുനിക പഠനരീതികളുമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ പൊതുവായ വികസന ശ്രമങ്ങളോടും 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ഇന്ത്യയുടെ നാഗരിക ധാർമ്മികതയോടും ഈ സംരംഭം യോജിക്കുന്നതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സോഫ്റ്റ് പവർ വർദ്ധിപ്പിക്കാനും ഈ നീക്കം സഹായകമാകുമെന്നും ഗ്രൂപ്പ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications