ഒഡീഷയിൽ 33000 കോടി രൂപയിലധികം നിക്ഷേപം, വമ്പൻ പ്രൊജക്ടുകൾ പ്രഖ്യാപിച്ച് കരൺ അദാനി
ഒഡീഷയിൽ 33000 കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് കരൺ അദാനി. ഭുവനേശ്വറിൽ 800 കോടി രൂപയുടെ ഡാറ്റാ സെന്റർ, കട്ടക്കിനടുത്ത് 30,181 കോടി രൂപയുടെ താപവൈദ്യുത നിലയം, 2,100 കോടി രൂപയുടെ സിമന്റ് പ്ലാന്റ് എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണിവ. ദീർഘകാല വളർച്ച, തൊഴിൽ സൃഷ്ടിക്കൽ, ഒഡീഷയുടെ സാമ്പത്തിക മുന്നേറ്റം എന്നിവയാണ് ഈ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഭുവനേശ്വറിൽ നടന്ന തറക്കല്ലിടൽ ചടങ്ങിലാണ് കരൺ അദാനി നിക്ഷേപങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ വ്യാവസായിക, ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുന്നതിൽ ഒഡീഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെയും മറ്റ് സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശക്തമായ ഭരണവും പ്രകൃതിവിഭവങ്ങളും തന്ത്രപരമായ സ്ഥാനവും ഒഡീഷയെ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നുവെന്ന് കരൺ അദാനി ചൂണ്ടിക്കാട്ടി.
ഭുവനേശ്വറിലെ ഇൻഫോവാലിയിൽ 800 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന ഡാറ്റാ സെന്റർ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള നൂതന സാങ്കേതികവിദ്യകളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു. ഈ പദ്ധതി 200ഓളം ഉന്നത വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഊർജ്ജ മേഖലയിൽ കട്ടക്കിന് സമീപം 30,181 കോടി രൂപ മുതൽമുടക്കിൽ ഒരു താപവൈദ്യുത നിലയം വികസിപ്പിക്കും. ഇത് വൈദ്യുതി സ്ഥിരത ഉറപ്പാക്കുകയും 7,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും. കൂടാതെ, 2,100 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന സിമന്റ് നിർമ്മാണ യൂണിറ്റ്, 2,500 തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കും.
ഒഡീഷയുടെ സാമ്പത്തിക വളർച്ചയിലുള്ള തങ്ങളുടെ ദീർഘകാല ആത്മവിശ്വാസമാണ് ഈ പദ്ധതികൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദാനി ചൂണ്ടിക്കാട്ടി. 2036ഓടെ 500 ബില്യൺ ഡോളറിന്റെയും 2047ഓടെ 1.5 ട്രില്യൺ ഡോളറിന്റെയും സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള ഒഡീഷയുടെ ലക്ഷ്യങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് ഈ നിക്ഷേപങ്ങൾ.
വ്യാപാരം, സംസ്കാരം, നാഗരികത എന്നിവ രൂപപ്പെടുത്തുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ച ഒഡീഷ ഇപ്പോൾ ഇന്ത്യയുടെ വ്യാവസായിക വളർച്ചയുടെ പ്രധാന പ്രേരകശക്തിയായി മാറാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിൽ ഊന്നിയുള്ള ദീർഘകാല പങ്കാളിത്തമാണ് ഒഡീഷയിലെ തങ്ങളുടെ സാന്നിധ്യമെന്നും അദാനി കൂട്ടിച്ചേർത്തു.
നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ബിസിനസ് സൗഹൃദ അന്തരീക്ഷം വളർത്തുന്നതിലുമുള്ള സംസ്ഥാന സർക്കാരിന്റെ സജീവ സമീപനത്തെ അദാനി അഭിനന്ദിച്ചു. ഈ പദ്ധതികൾ കേവലം അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങൾ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള വാഗ്ദാനമാണെന്നും അദാനി ഗ്രൂപ്പ് ഒഡീഷയുടെ വികസനത്തിന് സഹായമേകാൻ പ്രതിബദ്ധരാണെന്നും കരൺ അദാനി വ്യക്തമാക്കി.












Click it and Unblock the Notifications