അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവും പിഴ ശിക്ഷയും
ഗാന്ധിനഗര്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ. അദാനി ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (എഇഎല്‍) നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് തടവുശിക്ഷ. ഗുജറാത്തിലെ മന്‍സയിലുള്ള ഗാന്ധിനഗര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെട്ട മാനനഷ്ടക്കേസുകളുടെ പരമ്പരകളില്‍ ഒടുവിലത്തേതാണ് ഈ വിധി. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെയും അദാനി ഗ്രൂപ്പിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ രവി നായര്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ സമൂഹ മാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) തുടര്‍ച്ചയായി പങ്കുവെച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം. ഈ പോസ്റ്റുകള്‍ വെറും നിയമാനുസൃതമായ വിമര്‍ശനങ്ങളല്ലെന്നും മറിച്ച് നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ കമ്പനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ മനഃപൂര്‍വം ലക്ഷ്യമിട്ടുള്ളതാണെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ വാദിച്ചു.

വിശദമായ വിചാരണയ്ക്ക് ശേഷം എഇഎല്ലിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും രവി നായര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സത്യമാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയുമായിരുന്നു. അതേസമയം, പിഴത്തുകയുടെ വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചും നിരന്തരം എഴുതാറുള്ള ഫ്രീലാന്‍സ് ജേണലിസ്റ്റാണ് രവി നായര്‍. ഇന്ത്യയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള നിയമപോരാട്ടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ കോടതി വിധി ഏറെ ശ്രദ്ധിയമാണ്. വിധി വന്നതിന് പിന്നാലെ രവി നായര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications