ആന്ധ്രാപ്രദേശിൽ വൻ നീക്കവുമായി അദാനി ഗ്രൂപ്പ്; 1 ലക്ഷം കോടിയുടെ നിക്ഷേപം നടത്തും
ആന്ധ്രാപ്രദേശിൽ വലിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കരൺ അദാനി. വിശാഖപട്ടണത്ത് നടന്ന ആന്ധ്രാപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയിലാണ് പ്രഖ്യാപനം. അടുത്ത പത്ത് വർഷത്തിനുള്ളിൽ 1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, സിമന്റ്, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിൽ ഇതിനോടകം നിക്ഷേപിച്ച 40,000 കോടിക്ക് പുറമെയാണിത്.
ആന്ധ്രാപ്രദേശിനെ കേവലം ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായിട്ടല്ല, മറിച്ച് ഇന്ത്യയുടെ അടുത്ത ദശാബ്ദത്തിലെ പരിവർത്തനത്തിനുള്ള ഒരു ലോഞ്ച്പാഡായാണ് തങ്ങൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ തുക നിക്ഷേപിക്കും. ഈ നിക്ഷേപ പദ്ധതിയിൽ വിസാഗ് ടെക് പാർക്കിനായുള്ള 15 ബില്യൺ ഡോളറിന്റെ പ്രോജക്ടും ഉൾപ്പെടും. പദ്ധതി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിളുമായി സഹകരിച്ചാണ് അദാനി ഗ്രൂപ്പ് വിസാഗ് ടെക് പാർക്ക് വികസിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ-പവർഡ് ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ ശൃംഖല സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ പരമാധികാരവും ശക്തിപ്പെടുത്തുന്നതിൽ ഈ നീക്കം നിർണായക പങ്കുവഹിക്കും. അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിൽ നിലവിൽ വിവിധ പദ്ധതികളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തുറമുഖങ്ങൾ, സിമന്റ്, ഡാറ്റാ സെന്ററുകൾ, ഊർജ്ജം, നൂതന നിർമ്മാണം തുടങ്ങിയ മേഖലകളിലെ പുതിയ നിക്ഷേപങ്ങളിലൂടെ തൊഴിലവസരങ്ങൾ ഗണ്യമായി വർദ്ധിക്കുമെന്നും ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.
സംസ്ഥാന നേതൃത്വത്തെ കരൺ അദാനി അഭിനന്ദിച്ചു. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശിന്റെ സിഇഒ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നായിഡുവിന്റെ ദീർഘവീക്ഷണമാണ് സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും വഴിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐടി, വ്യവസായ മന്ത്രി നാരാ ലോകേഷിനെയും അദ്ദേഹം പ്രശംസിച്ചു. ലോകേഷ് "പുതിയ തലമുറയിലെ നേതാവാണെന്നും, വേഗതയും കാര്യക്ഷമതയും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയുള്ള ഭരണത്തിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
ഇന്ത്യ വികസിത ഭാരത് 2047 ലക്ഷ്യമിട്ടും ആന്ധ്രാപ്രദേശ് സ്വർണ്ണ ആന്ധ്ര 2047 ലക്ഷ്യമിട്ടും മുന്നേറുമ്പോൾ, രാജ്യത്തിന്റെ വളർച്ചയിൽ സംസ്ഥാനം നിർണായക പങ്ക് വഹിക്കുമെന്ന് കരൺ അദാനി സമാപന പ്രസംഗത്തിൽ പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ ഭാവിയിൽ ഏറ്റവും വലിയ നിക്ഷേപകരാകാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായും, വികസനത്തിന് വലിയ തോതിലുള്ള പിന്തുണയും വേഗതയും പ്രതിബദ്ധതയും നൽകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.












Click it and Unblock the Notifications