വീണ്ടും തിരിച്ചടി, ഏറ്റവും മൂല്യമുള്ള ഓഹരികളില്‍ നിന്നും പുറത്ത്; അപ്രതീക്ഷിത വീഴ്ചയില്‍ പതറി അദാനി
ഓഹരികളില്‍ അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ നഷ്ടം ആരംഭിച്ചത്.

ന്യൂദല്‍ഹി: ഓഹരി വിപണിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 25 ഓഹരികളുടെ പട്ടികയില്‍ നിന്ന് അദാനി ഗ്രൂപ്പ് പുറത്തായി. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ എച്ച് ഡി എഫ് സിയുടെ വിപണി മൂല്യത്തേക്കാള്‍ താഴ്ന്നിരിക്കുകയാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള നാല് കമ്പനികള്‍ ആണ് ഉണ്ടായിരുന്നത്.
ഇവയുടെ എല്ലാം മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ബി എസ് ഇയില്‍ ഏറ്റവും മൂല്യമുള്ള ഒാഹരിയില്‍ അദാനി എന്റര്‍പ്രൈസസ് 27-ാം സ്ഥാനത്താണ്. അദാനി എന്റര്‍പ്രൈസസിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 178798 കോടി രൂപയാണ്. 126001 കോടി രൂപ മൂല്യമുള്ള അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസ് 37-ാം സ്ഥാനത്തും 96,657 കോടി രൂപ വിപണി മൂല്യമുള്ള അദാനി ടോട്ടല്‍ ഗ്യാസ് 49-ാം സ്ഥാനത്തുമാണ്.

താഴേക്ക് കൂപ്പുകുത്തി അദാനി
അദാനി ട്രാന്‍സ്മിഷന്‍ ( 92,613.78 കോടി രൂപ), അദാനി ഗ്രീന്‍ എനര്‍ജി ( 89917.60 കോടി രൂപ) എന്നിവ 53, 54 സ്ഥാനങ്ങളിലുമാണ്. അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസിന്റെ എം ക്യാപ് 427326 കോടി രൂപയായിരുന്നു. അന്ന് പതിനൊന്നാം സ്ഥാനത്തായിരുന്നു അദാനി ടോട്ടല്‍ ഗ്യാസ്. അന്ന് അദാനി ട്രാന്‍സ്മിഷന്‍ (92,474 കോടി രൂപ) ഏറ്റവും മൂല്യമുള്ള 12-ാമത്തെ സ്റ്റോക്കായിരുന്നു.

എച്ച്ഡിഎഫ്സി ബാങ്കിനേക്കാള്‍ താഴെ
എന്നാല്‍ ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം അദാനി ഗ്രൂപ്പിലെ പത്ത് ഓഹരികള്‍ ചേര്‍ന്നുള്ള എം ക്യാപ് 809182 കോടി രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ എം-ക്യാപ് ഇത് 918703.53 രൂപയാണ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത എം-ക്യാപ് ജനുവരി 24 വരെ 19.19 ലക്ഷം കോടി രൂപയായിരുന്നു. ബിഎസ്ഇയിലെ ഏറ്റവും മൂല്യമുള്ള സ്റ്റോക്കായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനക്കാള്‍ കൂടുതലായിരുന്നു ഇത്.

134 ബില്യണ്‍ ഡോളര്‍ നഷ്ടം
ഇവിടെ നിന്നാണ് അദാനി ഗ്രൂപ്പ് താഴേക്ക് പതിച്ചിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം എം ക്യാപ് 134 ബില്യണ്‍ ഡോളര്‍ ആണ് അദാനി ഗ്രൂപ്പിന് നഷ്ടമായിരിക്കുന്നത്. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഓഹരിയില്‍ തിരിച്ചുവരവിന് അദാനി ഗ്രൂപ്പിന് സാധിച്ചിട്ടില്ല. ഏകദേശം 60 ശതമാനം ഇടിവാണ് വിവിധ അദാനി കമ്പനികള്‍ക്ക് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

ഓഹരി മൂല്യം 55 ശതമാനം ഇടിഞ്ഞു
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 10 അദാനി കമ്പനികളുടെ ഓഹരി മൂല്യം 55 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളറില്‍ താഴെയുള്ള കമ്പനിയായി അദാനി ഗ്രൂപ്പ് താഴേക്ക് പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 24-നാണ് വളരെ കോളിളക്കമുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണി മൂല്യം വര്‍ധിപ്പിച്ചത് കണക്കുകളില്‍ കൃത്രിമം കാണിച്ചാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൈകാലിട്ടടിച്ച് അദാനി, തിരിച്ചുവരവ് ദുഷ്‌കരം
ഇതിന് പിന്നാലെ ഓരോ ദിവസവും എന്ന തരത്തില്‍ ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുകയാണ് അദാനി ഗ്രൂപ്പ്. ശതകോടീശ്വര പട്ടികയിലെ ഗൗതം അദാനിയുടെ സ്ഥാനത്തിനും ഇക്കാരണത്താല്‍ ഇളക്കം തട്ടിയിട്ടുണ്ട്. ഫെബ്രുവരി 21 ല്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം വെറും 8.2 ലക്ഷം കോടി രൂപയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന് ഒരു മാസം പൂര്‍ത്തിയാകാനിരിക്കെ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്.












Click it and Unblock the Notifications