രാജസ്ഥാന്‍ ഇനി കുതിക്കും; അദാനി ഗ്രൂപ്പിന്റെ വന്‍ പ്രഖ്യാപനം; 7.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും
ജയ്പൂർ: രാജസ്ഥാനില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 7.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം. നാല് പുതിയ സിമൻ്റ് പ്ലാൻ്റുകള്‍, ഹരിത ഊർജ ഇക്കോസിസ്റ്റം സ്ഥാപിക്കൽ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായിരിക്കും ഈ നിക്ഷേപം മുന്‍ഗണന നല്‍കുകയെന്ന് അദാനി പോർട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി വ്യക്തമാക്കി.
'റൈസിംഗ് രാജസ്ഥാൻ' എന്ന പേരില്‍ രാജസ്ഥാന്‍ സർക്കാർ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "100 ജിഗാ വാട്ട് പുനരുപയോഗ ഊർജവും 2 ദശലക്ഷം ടൺ ഹൈഡ്രജനും 1.8 ജിഗാ വാട്ട് പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജും ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഗ്രീൻ എനർജി ഇക്കോസിസ്റ്റം ഇവിടെ നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾ രാജസ്ഥാനെ ഹരിത മേഖലയിലെ തൊഴില്‍ അവസരങ്ങളുടെ കേന്ദ്രമാക്കി," കരണ്‍ അദാനി പറഞ്ഞു.

ജയ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിലും അദാനി ഗ്രൂപ്പ് നിർണ്ണായക പങ്കുവഹിക്കും. ഈ നീക്കം ജയ്പൂർ വിമാനത്താവളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയും നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ആകർഷണം കൂടുതൽ ശക്തമാക്കുകയും. കൂടാതെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക്, ഐ സി ഡികൾ പോലുള്ള മറ്റ് നിക്ഷേപങ്ങളും തങ്ങള്‍ സംസ്ഥാനത്ത് ആസൂത്രണം ചെയ്യുന്നുണ്ട്.
സമ്പന്നമായ പൈതൃകം, പ്രകൃതി വിഭവങ്ങൾ, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കൽ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സംസ്ഥാനം ഒരുങ്ങുകയാണ്. രാജസ്ഥാനും അദാനി ഗ്രൂപ്പും തമ്മില്‍ ദീർഘകാലമായി മികച്ച ബന്ധം വെച്ചുപുലർത്തുന്നു. വിശാലമായ ദേശീയ സാമ്പത്തിക കാഴ്ചപ്പാടിൻ്റെ ഭാഗമായ ഈ നിക്ഷേപങ്ങള്‍ രാജസ്ഥാനും രാജ്യത്തിനും മുന്നില്‍ വലിയ സാധ്യതകള്‍ തുറക്കുന്നുവെന്നും കരണ്‍ അദാനി പറഞ്ഞു.
അതേസമയം ഉച്ചകോടിയില്‍ മുഖ്യാതിഥായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. രാജസ്ഥാൻ്റെ വികസനം ഇന്ത്യയുടെ വിജയത്തിൻ്റെ പ്രധാന ഭാഗമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, കഴിഞ്ഞ ദശകത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ജി ഡി പി ഇരട്ടിയാകുകയും കയറ്റുമതി ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. രാജസ്ഥാൻ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മേഖലകളിൽ വിപ്ലവം സൃഷ്ടിക്കുന്ന തരത്തില്‍ സാങ്കേതിക ശക്തിയും ഡിജിറ്റൽ ഇടപാടുകളും വളർന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications