മെച്ചപ്പെട്ട തൊഴിലും ജീവിതവും ഉറപ്പാക്കും: പുതിയ വളർച്ച രൂപരേഖ അവതരിപ്പിച്ച് അദാനി
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ പുതിയ വളർച്ച രൂപരേഖ അവതരിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി . തൊഴിലാളി ക്ഷേമം, പ്രാദേശിക തൊഴിൽ, സംരംഭകത്വം, പദ്ധതികളുടെ വേഗത്തിലുള്ള നടപ്പാക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് രൂപരേഖ. ജീവനക്കാരെയും പങ്കാളികളെയും തങ്ങളുടെ ദീർഘകാല വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്താനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുരോഗതി വെറും ആസ്തികൾ സൃഷ്ടിക്കുന്നതിലൂടെ മാത്രമല്ല, ജീവിതമാർഗങ്ങൾ ഒരുക്കുന്നതിലൂടെയും സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയുമാകണംപുരോഗതി അളക്കേണ്ടതെന്ന് അദ്ദഹം പറഞ്ഞു. രാജ്യനിർമ്മാണത്തിൽ തൊഴിലാളികൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 24 സംസ്ഥാനങ്ങളിലായി 700-ലധികം പദ്ധതികൾ അദാനി ഗ്രൂപ്പിനുണ്ട്. ഏകദേശം നാല് ലക്ഷത്തോളം ജീവനക്കാർ, പങ്കാളികൾ, കരാറുകാർ എന്നിവർ ഗ്രൂപ്പിന്റെ ഭാഗമാണ്. ശക്തമായ പണലഭ്യതയും മൂലധന ലഭ്യതയും പിന്തുണക്കുന്ന വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കമ്പനി കടക്കുകയാണെന്ന് അദാനി അറിയിച്ചു. ഇത് മൂലധനച്ചെലവ് വേഗത്തിലാക്കാനും പദ്ധതികൾ അതിവേഗം പൂർത്തിയാക്കാനും സഹായിക്കും.
പുതിയ തന്ത്രത്തിന്റെ ഭാഗമായി, മൂന്ന് തട്ടുകളായുള്ള ഒരു സംഘടനാ മോഡൽ ഗ്രൂപ്പ് നടപ്പാക്കും. തീരുമാനമെടുക്കാനുള്ള വേഗത വർദ്ധിപ്പിക്കുന്നതിനും ഉത്തരവാദിത്തം മെച്ചപ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കലിലെ കാലതാമസം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഇത്. നിലവിൽ ദിവസങ്ങളെടുക്കുന്ന തീരുമാനങ്ങൾ സൈറ്റ് തലത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കണമെന്ന് അദാനി വ്യക്തമാക്കി.
കൂടുതൽ വലിയതും കഴിവുള്ളതുമായ കുറഞ്ഞ കരാറുകാരുമായി ചേർന്ന് പ്രവർത്തിക്കുന്ന പങ്കാളിത്ത മാതൃകയും അദ്ദേഹം പ്രഖ്യാപിച്ചു. ഏകോപനം മെച്ചപ്പെടുത്താനും വേഗത്തിൽ പദ്ധതികൾ പൂർത്തിയാക്കാനും ദീർഘകാല ബിസിനസ്സ് ബന്ധങ്ങൾ കെട്ടിപ്പടുക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. മൂലധന ലഭ്യതയും സുസ്ഥിരമായ വളർച്ചാ അവസരങ്ങളും നൽകി പങ്കാളികളെ പിന്തുണയ്ക്കാനും ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ ജോലികളിൽ തുടങ്ങി ഗ്രൂപ്പുമായി സഹകരിച്ച് വലിയ സംരംഭങ്ങളായി മാറിയ ഒരു പ്രാദേശിക പങ്കാളിയുടെ ഉദാഹരണം അദ്ദേഹം എടുത്തു കാട്ടി. ഇത്തരം പങ്കാളിത്തങ്ങൾ പദ്ധതികൾ പൂർത്തിയാക്കാൻ മാത്രമല്ല, ചുറ്റുമുള്ള സമൂഹങ്ങളിൽ പുതിയ ബിസിനസ്സുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ മൂന്നാമത്തെ പ്രധാന സ്തംഭം പഠനത്തിലും വികസനത്തിലുമാണ്. വരാനിരിക്കുന്ന അദാനി ട്രെയിനിങ് അക്കാദമിയും നൈപുണ്യ കേന്ദ്രങ്ങളും തൊഴിലാളികൾക്ക് വ്യക്തമായ തൊഴിൽ സാധ്യതകൾ ഒരുക്കും. ഇത് നൈപുണ്യമില്ലാത്ത സ്ഥാനങ്ങളിൽ നിന്ന് അർദ്ധ വിദഗ്ധ, വിദഗ്ധ, സൂപ്പർവൈസറി, നേതൃത്വപരമായ പദവികളിലേക്ക് വളരാൻ അവരെ പ്രാപ്തരാക്കും.
പ്രധാനപ്പെട്ട ഒരു ക്ഷേമപദ്ധതിയായി, മുന്ദ്രയിലും ഖാവ്‌ഡയിലും 50,000 തൊഴിലാളികൾക്കായി ശീതീകരിച്ച താമസ സൗകര്യങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. മുന്ദ്രയിൽ പ്രതിദിനം ഒരു ലക്ഷം പോഷകസമൃദ്ധമായ ഭക്ഷണം പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് നൽകുന്നതിനായി ഒരു കേന്ദ്രീകൃത ക്ലൗഡ് കിച്ചനും ഗ്രൂപ്പ് വികസിപ്പിക്കുന്നുണ്ട്.
തൊഴിലാളികളുടെ അന്തസ്സ് ഒരു പ്രധാന മൂല്യമായി നിലനിൽക്കണം. പ്രത്യേകിച്ച് വിദൂരവും പ്രയാസമേറിയതുമായ സ്ഥലങ്ങളിൽ ശുദ്ധമായ വാസസ്ഥലവും സുരക്ഷിതമായ ചുറ്റുപാടുകളും ആരോഗ്യകരമായ ഭക്ഷണവും തൊഴിലാളികൾക്ക് അർഹമാണെന്ന് അദാനി പറഞ്ഞു. ഗ്രൂപ്പിന്റെ 'ആദ്യം പ്രാദേശികക്കാർക്ക്’ എന്ന നിയമന നയം അദ്ദേഹം ആവർത്തിച്ചു. പദ്ധതി പ്രദേശങ്ങളിലെ തൊഴിലവസരങ്ങൾ ആദ്യം അടുത്തുള്ള സമൂഹങ്ങൾക്കും പിന്നീട് സംസ്ഥാനത്തിനകത്തുള്ളവർക്കും അവസാനം ആവശ്യമെങ്കിൽ പുറത്തുനിന്നുള്ളവർക്കും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മുന്ദ്ര തുറമുഖം, ഖാവ്‌ഡയിലെ പുനരുപയോഗ ഊർജ്ജ പാർക്ക്, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ധാരാവി പുനർവികസനം, ഗംഗ എക്സ്പ്രസ് വേ തുടങ്ങിയ വലിയ പദ്ധതികളെ രാജ്യപുരോഗതിയുമായി ബന്ധിപ്പിച്ചുകൊണ്ട് സംസാരിച്ച അദാനി, ഈ സംരംഭങ്ങൾ ഇന്ത്യയുടെ ലോജിസ്റ്റിക്സ്, ഊർജ്ജം, അടിസ്ഥാന സൗകര്യ മേഖലകളെ ശക്തിപ്പെടുത്തുന്നതായി പറഞ്ഞു.തൊഴിലാളികൾ അവരുടെ ജോലിയെ വെറുമൊരു വരുമാന മാർഗ്ഗമായി കാണാതെ രാജ്യത്തിനുള്ള സംഭാവനയായി കണക്കാക്കണമെന്ന് ആഹ്വാനം ചെയ്ത അദാനി, വേഗത, ഉൾക്കൊള്ളൽ, നൈപുണ്യം, ഒരു ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പങ്കാളിത്ത പ്രതിബദ്ധത എന്നിവയായിരിക്കും ഗ്രൂപ്പിന്റെ ഭാവി വളർച്ചയെ നയിക്കുകയെന്ന് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications