700 എംഎല്‍എമാരുണ്ട് ഞങ്ങള്‍ക്ക്, നിങ്ങള്‍ക്കതുണ്ടോ? മമതയ്ക്ക് കോണ്‍ഗ്രസിന്റെ മറുപടി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. മമത ബാനര്‍ജി കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതില്‍ ക്ഷുഭിതനായ അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ബി ജെ പിയുടെ ഏജന്റാണെന്ന് പറഞ്ഞാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയിലുടനീളം കോണ്‍ഗ്രസിന് സാന്നിധ്യമുണ്ടെന്നും പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് ഷെയറിന്റെ 20 ശതമാനം കോണ്‍ഗ്രസിനുണ്ടെന്നും അധിര്‍ രഞ്ജന്‍ ചൗധരി അവകാശപ്പെട്ടു.
രാഷ്ട്രീയത്തില്‍ അവരുടെ പാര്‍ട്ടി (തൃണമൂല്‍ കോണ്‍ഗ്രസ് ) എവിടെയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി തൃണമൂല്‍ മേധാവിയോട് ചോദിച്ചു. ബി ജെ പിയെ നേരിടാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ രാഷ്ട്രീയക്കാരും ഒരുമിച്ച് നടക്കണം. കോണ്‍ഗ്രസിന് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു, കോണ്‍ഗ്രസിനെ ആശ്രയിക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തെ പരാമര്‍ശിച്ച് മമത ബാനര്‍ജി വെള്ളിയാഴ്ച പറഞ്ഞിരുന്നത്.

ഇതിനെതിരെയാണ് ആഞ്ഞടിച്ച കൊണ്ട് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. 'ഭ്രാന്തനായ ഒരാളോട് പ്രതികരിക്കുന്നത് ശരിയല്ല. കോണ്‍ഗ്രസിന് ഇന്ത്യയിലാകെ 700 എം എല്‍ എമാരുണ്ട്. ദീദിക്ക് അതുണ്ടോ? പ്രതിപക്ഷത്തിന്റെ മൊത്തം വോട്ട് ഷെയറിന്റെ 20 ശതമാനം കോണ്‍ഗ്രസിന് ഉണ്ട്. അവര്‍ക്ക് (തൃണമൂല്‍ കോണ്‍ഗ്രസിന്) അതുണ്ടോ? ബി ജെ പിയെ പ്രീതിപ്പെടുത്താനും അതിന്റെ ഏജന്റായി പ്രവര്‍ത്തിക്കാനുമാണ് അവര്‍ (മമത ബാനര്‍ജി ഇത് പറയുന്നത്. ബി ജെ പി പ്രസക്തമായി തുടരാനാണ് അവര്‍ ഇതുപോലുള്ള കാര്യങ്ങള്‍ പറയുന്നത്,' അദ്ദേഹം പറഞ്ഞു. മമത ബാനര്‍ജിയുടെ രാഷ്ട്രീയമായുള്ള ജനനത്തിന് കാരണം കോണ്‍ഗ്രസാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

1997 ല്‍ കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞാണ് തൃണമൂല്‍ കോണ്‍ഗ്രസ് മമത രൂപീകരിക്കുന്നത്. ഇതിനെ സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ അവര്‍ രാഷ്ട്രീയമായി ജനിക്കില്ലായിരുന്നുവെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. ഗോവയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും അവര്‍ ആരോപിച്ചു. നിങ്ങള്‍ എന്തിനാണ് കോണ്‍ഗ്രസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്? കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ മമത ബാനര്‍ജിയെപ്പോലുള്ളവര്‍ ജനിക്കില്ലായിരുന്നു. അവര്‍ ഇത് ഓര്‍ക്കണം. അവര്‍ ബി ജെ പിയെ പ്രീതിപ്പെടുത്താന്‍ ഗോവയില്‍ പോയി, അവര്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചുഗോവയില്‍ നിങ്ങള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി.

എല്ലാവര്‍ക്കും ഇത് അറിയാം,' അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളിലും ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത രംഗത്തെത്തിയത്. ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണമെന്നും കോണ്‍ഗ്രസിന് വേണമെങ്കില്‍ ആ സഖ്യത്തിന്റെ ഭാഗമാകാമെന്നുമായിരുന്ന മമത പറഞ്ഞത്. ബി ജെ പിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂല്‍ കാണിച്ചു തന്നുവെന്നും കോണ്‍ഗ്രസ് തൃണമൂലില്‍ ലയിക്കുകയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കിമും പറഞ്ഞിരുന്നു.

വ്യാഴാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പഞ്ചാബില്‍ അധികാരം നഷ്ടമായപ്പോള്‍ ഉത്തര്‍പ്രദേശില്‍ നാമാവശേഷമായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഗോവയിലും കഴിഞ്ഞ തവണത്തെ പ്രകടനം പോലും നടത്താനായില്ല.












Click it and Unblock the Notifications