എംപിമാർക്ക് നല്‍കിയ ഭരണഘടനയുടെ കോപ്പിയില്‍ 'സോഷ്യലിസവും സെക്കുലറിസവും ഇല്ല': അധീർ രഞ്ജന്‍ ചൗധരി
ഡല്‍ഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ ഒഴിവാക്കിയെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി. കഴിഞ്ഞ ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ സമയത്ത് അംഗങ്ങള്‍ക്ക് ഭരണ ഘടനയുടെ പകർപ്പ് നല്‍കിയിരുന്നു. ഈ കോപ്പികളില്‍ ചിലതില്‍ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.
രാജ്യത്തിനിറെ ഭരണഘടന തിരുത്തിയെഴുതാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതെന്നും അധീർ രഞ്ജന്‍ ചൗധരി ആരോപിക്കുന്നത്. 'ഞങ്ങൾക്ക് നൽകിയ ഭരണഘടനയുടെ പുതിയ പകർപ്പുകൾ കൈയിൽ പിടിച്ചുകൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ചത്. എന്നാല്‍ ആ ഭരണ ഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, സെക്കുലർ എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല' വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് അധീർ രഞ്ജന്‍ ചൗധരി പറഞ്ഞു.

1976-ൽ ഭേദഗതി വരുത്തി ആമുഖത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തിയെങ്കിലും, "ഇന്ന് ആരെങ്കിലും നമുക്ക് ഭരണഘടന നൽകുകയും അതിൽ ആ വാക്കുകൾ ഇല്ലാതിരിക്കുകയും ചെയ്താല്‍ അത് ആശങ്കാജനകമാണ്.
അവരുടെ ഉദ്ദേശം സംശയാസ്പദമാണ്. അത് സമർത്ഥമായി ചെയ്തിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണ്. ഞാൻ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ വാദം തള്ളി ബി ജെ പി രംഗത്ത് വന്നു. പുതിയതും പഴയുതുമായ ഭരണഘടനയുടെ കോപ്പിയാണ് വിതരണം ചെയ്തിട്ടുള്ളത്. അത് അല്ലാതെ കോണ്‍ഗ്രസ് ആരോപിക്കുന്ന തരത്തിലുള്ള നീക്കങ്ങളൊന്നും ഇല്ലെന്നും ബി ജെ പി നേതാവ് സുശീല്‍ കുമാർ മോദി പറഞ്ഞു.
"ഭേദഗതി ചെയ്ത പകർപ്പല്ല വിതരണം ചെയ്തത്. ഭരണഘടന അംഗീകരിക്കുമ്പോൾ ഇത് യഥാർത്ഥ പകർപ്പായിരുന്നു. അതിൽ 'സോഷ്യലിസ്റ്റ് സെക്യുലർ' എന്ന വാക്കുകൾ ഉണ്ടായിരുന്നില്ല... സോഷ്യലിസ്റ്റ് എന്ന വാക്കിന് ഇപ്പോൾ എന്തെങ്കിലും പ്രസക്തിയുണ്ടോ?... ഇതൊരു അനാവശ്യ വിവാദമാണ്" - സുശീല്‍ കുമാർ മോദി പറഞ്ഞു.
1976-ൽ പാസാക്കിയ, ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെയാണ് "പരമാധികാര ജനാധിപത്യ റിപ്പബ്ലിക്" എന്നതിൽ നിന്ന് "പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്" എന്ന് ആമുഖം മാറ്റുന്നത്. ആമുഖം ഉൾപ്പെടെ ഭരണഘടനയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഈ ഭേദഗതിയോടെ മാറ്റിമറിച്ചു. "രാഷ്ട്രത്തിന്റെ ഐക്യം" എന്നുള്ള പരാമർശം "രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും" എന്നാക്കി മാറ്റുന്നതും അന്നാണ്.












Click it and Unblock the Notifications