ഓട്ടോ ഡ്രൈവറുടെ മകളാണ്, വാടക വീട്ടിലാണ്; ആബിദ ഇന്ന് ഐഎഎസുകാരി, അഭിനന്ദന പ്രവാഹം
മുംബൈ: വാടകയ്ക്ക് ഓട്ടോ റിക്ഷ ഓടിക്കുകയാണ് അഷ്ഫാഖ് അഹമ്മദ്. വാടക വീട്ടിലാണ് താമസം. മകള്‍ ആബിദ ആനം മികച്ച നേട്ടം കൈവരിച്ചതോടെ ഇന്ത്യ ഒട്ടുക്കും അറിയപ്പെടുകയാണ് ഈ കുടുംബം. കഴിഞ്ഞ ദിവസം പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 142ാം റാങ്ക് നേടി ആബിദ. രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഓഫീസര്‍മാരുമെല്ലാം അഭിനന്ദനം അറിയിച്ച് എത്തിയതോടെ നാട് ആവേശത്തിലാണ്.
മഹാരാഷ്ട്രയിലെ യവത്മല്‍ എന്ന സ്ഥലത്താണ് ആബിദ ജനിച്ചതും വളര്‍ന്നതും. പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠനം. കടുത്ത ദാരിദ്ര്യത്തിലും മകളുടെ പഠനം എന്ന സ്വപ്നം അഷ്ഫാഖ് സഫലമാക്കി. ഡോക്ടറാകണം എന്നായിരുന്നു ആദ്യം ആബിദയുടെ മോഹം. പഠനം തുടങ്ങി വഴികള്‍ അറിയാന്‍ തുടങ്ങിയതോടെ പണച്ചെലവ് മനസിലാക്കി. പിന്നീട് ട്രാക്ക് മാറ്റുകയായിരുന്നു ആബിദ.

പഠനത്തില്‍ തല്‍പ്പരനാണ് അഷ്ഫാഖ് അഹമ്മദും. ഓട്ടോ ഡ്രൈവറാണെങ്കിലും കവി കൂടിയാണ് അദ്ദേഹം. ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന നിസാമുദ്ദീന്‍ ശൈഖ് ആണ് ആബിദയുടെ പഠന വഴി തിരിച്ചുവിട്ടത്. സിവില്‍ സര്‍വീസിന് ശ്രമിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. സാധ്യമായ സഹായവും ചെയ്തു. ഇതോടെ മാറ്റം തുടങ്ങുകയായിരുന്നു.
മൂന്ന് തവണ ശ്രമം വിജയിച്ചില്ല
സിവില്‍ സര്‍വീസ് പഠനത്തിനിടയിലും തടസം നേരിട്ടു. എങ്കിലും വീണ്ടും ശ്രമിച്ചു. നാലാമൂഴത്തിലാണ് ആബിദ ആനം ലക്ഷ്യം കണ്ടിരിക്കുന്നത്. സാമ്പത്തിക സാഹചര്യവും മറ്റും ചൂണ്ടിക്കാട്ടി പിന്നാക്കം പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ആബിദയുടെ പഠന യാത്ര. പൂനെയിലായിരുന്നു കോളജ് പഠനം. ഇനാംദാര്‍ സീനിയര്‍ കോളജില്‍ നിന്ന് ബിഎസ്‌സി മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയ ശേഷമാണ് യുപിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങിയത്.
ഹജ്ജ് ഹൗസിലും ജാമിയ റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയിലും യുപിഎസ്‌സി പരിശീലനം നേടി. യവത്മലില്‍ മതിയായ പരിശീലന കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ പൂനയിലേക്ക് മാറി. ആദ്യ തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയപ്പോള്‍ നിരാശയായിരുന്നു ഫലം. രണ്ടാംതവണയും മൂന്നാം തവണയും ലക്ഷ്യത്തിലെത്തിയില്ല. എങ്കിലും ആബിദ പിന്മാറിയില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ഒടുവില്‍ നാലാം തവണ പരീക്ഷ എഴുതി അഭിമുഖവും കഴിഞ്ഞ് ഫലം വന്നപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചു.

ഒരു തവണ പ്രിലിമിനറിയും മെയിന്‍ പരീക്ഷയും കഴിഞ്ഞ് അഭിമുഖം വരെ എത്തിയെങ്കിലും അന്തിമ പട്ടികയില്‍ ഇടംകിട്ടിയിരുന്നില്ല. മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം ഐഎഎസ് ഓഫീസറാകാന്‍ പോകുകയാണ് ആബിദ ആനം. ഫലം വന്ന പിന്നാലെ നിരവധി പ്രമുഖരാണ് വീട്ടിലെത്തിയത്. മുന്‍ മന്ത്രിമാരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുമെല്ലാം ഇതില്‍പ്പെടും.
ആബിദയുടെ നാട്ടില്‍ ഇപ്പോഴും ആഘോഷം നിലച്ചിട്ടില്ല. ഒട്ടേറെ സ്വീകരണ പരിപാടികളിലാണ് അവര്‍ക്ക് ക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നത്. പിന്നാക്കം നില്‍ക്കുന്ന സമൂഹത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സഹായിക്കണം എന്നാണ് ആബിദയുടെ ആഗ്രഹം. തന്റെ ജോലി അതിന് സഹായകരമാകുമെന്നും അവര്‍ കരുതുന്നു.
വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്ന് വന്ന വ്യക്തിയല്ല ആബിദ. മകളുടെ പഠന മോഹങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച പിതാവും മാതാവും ആബിദക്കുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. തോറ്റിട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത മനസാണ് ആബിദയെ ലക്ഷ്യം കാണാന്‍ സഹായിച്ച ഘടകം. ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ തടസങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ പാതിവഴിയില്‍ പിന്മാറാന്‍ ആബിദ തയ്യാറായില്ല. വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി യാത്ര തുടങ്ങിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആബിദ ഒരു പ്രചോദനവും സന്ദേശവുമാണ്.












Click it and Unblock the Notifications