ലോകത്തെ ആദ്യ സൗര ദൗത്യമല്ല ആദിത്യ എൽ 1; ഇതുവരെയുള്ള സൗരദൗത്യങ്ങൾ ഇതാ
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേിച്ചിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 11.50 യോടെയായിരുന്നു വിക്ഷേപണം. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽ എത്തുന്നതോടെ സൂര്യനെ കുറിച്ചുള്ള നിർണായകമായ പല വിവരങ്ങളും ആദിത്യ എൽ 1 ശേഖരിച്ച് തുടങ്ങും.
ബഹിരാകാശത്തെ കാലസ്ഥ, സൗര കൊടുങ്കാറ്റ്, സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ആദിത്യ പഠിക്കുക.
എല്‍-1 പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ 1 എത്തുക. ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ പഠിക്കാൻ പേടകത്തിന് സാധിക്കും. സൗര പ്രവർത്തനങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് മറഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും കണ്ടെത്താനും ദൗത്യം സഹായകരമാകും.

ഇസ്രോ മുൻപ് ഉപഗ്രഹങ്ങളിലൂടെ സൗര പഠനം നടത്തിയിട്ടുണ്ടെങ്കിലും ബഹിരാകാശത്തെ ലാഗ്രാഞ്ച് പോയിന്റിലേക്ക് ഇതാദ്യമായാണ് പേടകം അയക്കുന്നത്. ആദിത്യ എൽ1 ദൗത്യം വിജയിച്ചാൽ, ജപ്പാനും അമേരിക്കയും ഉൾപ്പെടെ സോളാർ ഗവേഷണത്തിൽ വിജയം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.
നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും (ഇഎസ്എ) 1990 മുതൽ സൂര്യനെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും 1981 ൽ ജപ്പാനായിരുന്നു ആദ്യമായി സൗരദൗത്യം വിക്ഷേപിച്ചത്. ഏതൊക്കെ രാജ്യങ്ങളാണ് ഇതിന് മുൻപ് സൗരദൗത്യം നടത്തിയതെന്ന് പരിശോധിക്കാം
യുനൈറ്റഡ് സ്റ്റേറ്റ്സ്
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2018 ഓഗസ്റ്റിൽ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ്, സൂര്യന്റെ അന്തരീക്ഷമായ കൊറോണയിൽ പ്രവേശിച്ച് കണികകളുടെയും കാന്തികക്ഷേത്രങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ബഹിരാകാശ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ സൂര്യന്റെ പങ്ക് മനസ്സിലാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ 2020 ഫെബ്രുവരിയിൽ, നാസ സോളാർ ഓർബിറ്റർ വിക്ഷേപിച്ചിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി (ഇഎസ്എ) സഹകരിച്ചായിരുന്നു ഇത്.
യൂറോപ്പ്
യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) 2001 ഒക്‌ടോബറിൽ പ്രോബ-2 ഉപയോഗിച്ച് സൗരോർജ്ജ പര്യവേക്ഷണം ആരംഭിച്ചിരുന്നു., പ്രോബ പരമ്പരയുടെ ഭാഗമായിട്ടായിരുന്നു ഇത്. 2024-ൽ പ്രോബ-3, 2025-ൽ സ്മൈൽ എന്ന ദൗത്യവും വിക്ഷേപിക്കാനിരിക്കുകയാണ് ഇഎസ്എ.
ചൈന
2022-ൽ കുവാഫു-1 എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് സ്പേസ് അധിഷ്ഠിത സോളാർ ഒബ്സർവേറ്ററി (എഎസ്ഒ-എസ്) ചൈന വിക്ഷേപിച്ചിരുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 720 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications