ലക്ഷ്യം തേടിയുള്ള കുതിപ്പില്‍ സെല്‍ഫി ചിത്രം പങ്കുവെച്ച് ആദിത്യ എല്‍ 1: കൂടെ മനോഹരമായ ഭൂമിയും
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അഭിമാനകരമായ ലക്ഷ്യം തേടിയുള്ള യാത്രയിലാണ്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. നാല് മാസത്തോളം സമയമെടുത്തായിരിക്കും പേടകം ഇവിടേക്ക് എത്തുക. ലക്ഷ്യസ്ഥാനത്തേക്കുള്ള ഈ സഞ്ചാരത്തിനിടയില്‍ ആദിത്യ എല്‍ പേടകം പകർത്തിയ ചിത്രങ്ങള്‍ ഐ എസ് ആർ ഒ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
പേടകത്തിന്റെ പ്രധാന ഭാഗങ്ങള്‍ ദൃശ്യമാകുന്ന ഒരു സെല്‍ഫി, ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍ എന്നിവയാണ് ആദിത്യ പകർത്തിയിരിക്കുന്നത്. ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ ഐ എസ് ആർ ഒ ഈ ചിത്രം പുറത്ത് വിടുകയായിരുന്നു. ആദിത്യ പകര്‍ത്തിയ സെല്‍ഫിയില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വി ഇ എല്‍ സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‍കോപ്പും (എസ് യു ഐ ടി) എന്നിവ കാണാന്‍ സാധിക്കും. സൂര്യന്റെ വിവിധ പ്രത്യേകതകള്‍ പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും.

അതേസമയം, ഇതിനോടകം തന്നെ രണ്ട് തവണയായി ആദിത്യയുടെ ഭ്രമണപഥം വിജയകരമായി ഉയർത്തി. ആദിത്യ എല്‍-1 ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഓരോ ഘട്ടവും നിരീക്ഷിക്കുന്നുണ്ടെന്നും ഐ എസ് ആർ ഒ പറഞ്ഞു. ആകെ 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യ തുടര്‍യാത്ര നടത്തുക. 125 ദിവസം സഞ്ചരിച്ച് ഡിസംബറില്‍ പേടകം ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ എത്തുമെന്നാണ് ഐ എസ് ആർ ഒ വ്യക്തമാക്കുന്നത്.
ക്രോമോസ്ഫിയറും കൊറോണയും ഉൾപ്പെടെയുള്ള സൂര്യന്റെ മുകളിലെ അന്തരീക്ഷത്തിന്റെ ചലനാത്മകത പഠിക്കുക എന്നതാണ് ആദിത്യ എൽ1 ന്റെ പ്രാഥമിക ലക്ഷ്യം. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെയും ഫ്ലെയറുകളുടെയും തുടക്കം എന്നിവയുടെ പഠനവും ആദിത്യ എൽ1 ലക്ഷ്യമിടുന്നു.
സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന കണികാ ചലനാത്മകതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ പേടകം ഇൻ-സിറ്റു കണികയും പ്ലാസ്മ പരിതസ്ഥിതികളും നിരീക്ഷിക്കും.
ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ സൂര്യന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിനായി ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications