സൗരദൗത്യത്തിന് ഒരുങ്ങി ആദിത്യ എൽ 1; ദിവസേന അയക്കുക 1440 ചിത്രങ്ങൾ
ബെംഗളൂരു: ശനിയാഴ്ചയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണം. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് പി എസ് എല്‍ വി സി 57 റോക്കറ്റിലാണ് പേടകം കുതിക്കുക. വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽ എത്തുന്നതോടെ സൂര്യനെ കുറിച്ചുള്ള നിർണായകമായ പല വിവരങ്ങളും ആദിത്യ എൽ 1 ശേഖരിച്ച് തുടങ്ങും. 2024 ജനുവരി മുതലായിരിക്കും പേടകം വിവരങ്ങൾ കൈമാറി തുടങ്ങുക.
പേടകത്തിലുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് അല്ലെങ്കിൽ വിഇഎൽസി എന്ന് വിളിക്കപ്പെടുന്ന ഉപകരണമായിരിക്കും സൂര്യന്റെ ചിത്രങ്ങൾ പകർത്തുക. എല്ലാ ദിവസവും സൂര്യന്റെ 1,440 അൾട്രാ-ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ ഇവ ഐഎസ്ആർഒയ്ക്ക് കൈമാറും.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്(ഐവിപി) ആണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള എല്‍-1 (ലഗ്രാഞ്ച് പോയന്റ്-1) പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് എൽ 1-ആദിത്യ എത്തുക. ഇവിടെ നിന്നും സൂര്യനെ കൃത്യമായി നിരീക്ഷിക്കാൻ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫിന് സാധിക്കും.
എല്ലാ ദിവസവും ശേഖരിക്കപ്പെടുന്ന ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനായി ഐഎസ്ആർഒയ്ക്കും ഐഐഎയ്ക്കും വളരെയധികം കമ്പ്യൂട്ടിംഗ് പവർ ആവശ്യമാണ്. തടസങ്ങളില്ലാതെ ഡാറ്റ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സോഫ്റ്റ്വെയർ ഘടകങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് വിഇഎൽസി പ്രിൻസിപ്പിൽ ഇൻവെസ്റ്റിഗേറ്റർ ആയ പ്രൊഫസർ രമേശ് ആർ പറഞ്ഞു.
' ഏറ്റവും കുറഞ്ഞ സമയത്തിൽ ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ ബെംഗളൂരിലെ ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വർക്കിൽ ഡൗൺലോഡ് ചെയ്യപ്പെടും.അവിടെ നിന്ന് അവർ L0 ഡാറ്റ [ലെവൽ 0] പ്രോസസ്സ് ചെയ്യുകയും ഐഐഎയിലെ പേലോഡ് ഓപ്പറേഷൻസ് സെന്ററിലേക്ക് അയയ്ക്കുകയും ചെയ്യും .ഇത് 24 മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യുകയും ഇന്ത്യൻ സ്പേസ് സയൻസ് ഡാറ്റാ സെന്ററിലേക്ക് തിരികെ അയയ്ക്കുകയും ചെയ്യും,' പ്രൊഫസർ പറഞ്ഞു.
ആദിത്യ-എൽ 1 ഒബ്സർവേറ്ററിയിലെ ഏറ്റവും പ്രധാനപ്പെട്ട പേലോഡാണ് വിഇഎൽസി. ഇത് കൂടാതെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ആറ് പേലോഡുകളാണ് പേകടത്തിലുള്ളത്.












Click it and Unblock the Notifications