ആദിത്യ എല്‍1: അതിസങ്കീര്‍ണ ദൗത്യം.. എന്നിട്ടും എന്തുകൊണ്ട് ലഗ്രാഞ്ച് പോയന്റ് 1?
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാന്‍-3 വിജയകരമായി ഇറക്കിയ ഐ എസ് ആര്‍ ഒ രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിക്കാനൊരുങ്ങുകയാണ്. ഇന്ന് രാവിലെ 11:50 ന് ശ്രീഹരിക്കോട്ടയില്‍ പി എസ് എല്‍ വിയിലേറിയാണ് ആദിത്യ എല്‍ 1 കുതിക്കുക. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൗര-ഭൗമ ലഗ്രാഞ്ച് പോയിന്റ് എല്‍ 1 ല്‍ നിന്നാണ് ആദിത്യ എല്‍ 1 സൂര്യനെ നിരീക്ഷിക്കുക.
ദൗത്യം ശേഖരിക്കുന്ന ഡാറ്റ വിശകലനം ചെയ്ത ശേഷം സൂര്യന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. എല്‍-1 മുതല്‍ എല്‍ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയിസ് ലഗ്രാഞ്ച് ആണ് ഈ പോയന്റ് കണ്ടെത്തിയത്. ഇതില്‍ എല്‍1, എല്‍2 പോയന്റുകളാണ് ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്.

എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലൂടെ ഒരു ഉപഗ്രഹത്തിന് മറ്റ് തടസങ്ങളൊന്നുമില്ലാതെ സദാസമയവും സൂര്യനെ നിരീക്ഷിക്കാം എന്നതാണ് ഐ എസ് ആര്‍ ഒ ആദിത്യ എല്‍ 1 നെ ഇവിടെ സജ്ജീകരിക്കാന്‍ കാരണം. ഇവിടെ നിന്ന് സൂര്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനാകും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
വിക്ഷേപണത്തിന് ശേഷം ആദിത്യ എല്‍1 ന് ലഗ്രാഞ്ച് പോയിന്റ് 1 ല്‍ എത്താന്‍ 125 ദിവസം വേണ്ടി വരും. സോളാര്‍ കൊറോണ, ക്രോമോസ്ഫിയര്‍, ഫോട്ടോസ്ഫിയര്‍, സൗരകൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഏഴ് പേലോഡുകള്‍ ആദിത്യ-എല്‍1 ബഹിരാകാശ പേടകത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പി എസ് എല്‍ വി-സി 57 റോക്കറ്റ് ഉപയോഗിച്ചാണ് ആദിത്യ എല്‍1 വിക്ഷേപിക്കുന്നത്.
ഭൂമിയുടെ 800 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് വികസിപ്പിച്ച ശേഷം ലോ എനര്‍ജി പ്രൊപ്പല്‍ഷന്‍ ട്രാന്‍സ്ഫര്‍ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്റിന് സമീപത്ത് എത്തിക്കും. ഇതായിരിക്കും ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണ ഘട്ടം
അതേസമയം ആദിത്യ എല്‍1 ന്റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ് ആദിത്യ എല്‍ 1.












Click it and Unblock the Notifications