പൃഥ്വിയും സംഘവും ജോർദ്ദാനിൽ കുടുങ്ങി!! വിസ കാലാവധി 10 ന് തീരും, സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്
അമ്മാൻ; കൊവിഡ് വ്യാപനം കൂടുതൽ ശക്തമായിരിക്കുകയാണ്. പല രാജ്യങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ സമ്പൂർണ അടച്ച് പൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ നിരവധി പേരാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. കർഫ്യൂ ശക്തമാക്കിയ ജോർദാനിൽ പൃഥ്വിരാജ് ഉൾപ്പെടെയുള്ള ആടുജീവിതം സിനിമാ സംഘവും മരുഭൂമിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
Recommended Video
ജോർദാനിൽ കർഫ്യൂ ശക്തമാക്കിയതോടെ സംഘത്തോട് ചിത്രീകരണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകുടം. ഇതോടെ സംഘം സഹായം തേടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.

പൃഥിയും സംഘവും കുടുങ്ങി
പൃഥ്വിരാജും സംവിധായകൻ ബ്ലസിയും ഉൾപ്പെടെയുള്ള 58 പേരുടെ സംഘമാണ് വാദിറം മരുഭൂമിയിൽ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി എത്തിയത്. കൊവിഡ് പ്രതിസന്ധി തീർത്തതോടെ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഷൂട്ടിങ്ങ് പ്രതിസന്ധിയിൽ ആവുകയായിരുന്നു.

കത്തയച്ച് ബ്ലസി
നേരത്തേ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും കർഫ്യൂ ശക്തമാക്കിയതോടെ ഇപ്പോൾ വീണ്ടും ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ്. ഇക്കാര്യം അറിയിച്ച് സംവിധായകൻ ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചു. പൃഥ്വിയ്ക്കും സംഘത്തിനും നാട്ടിലേക്ക് മടങ്ങാൻ ഇടപെടണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രിയുടെ സഹായം തേടി
ജോർദ്ദാനിലെ നിലവിലെ സാഹചര്യം വിവരിച്ച് സംവിധായകൻ ബ്ലസി ഫിലിം ചേംബറിനും കത്തയച്ചിരുന്നു. ഇതോടെ
സഹായം അഭ്യർത്ഥിച്ച് ഫിലിം ചേംബർ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രമന്ത്രി വി മുരളീധരനേയും ബന്ധപ്പെട്ടതായി ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞതായി ദി ക്യൂ റിപ്പോർട്ട് ചെയ്തു.

വിസ കാലാവധി തീർന്നു
നിലവിൽവാദിറാമിലെ അൽ സുൽത്താൻ ക്യാമ്പിലാണ് സംഘം കഴിയുന്നത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രമേ ഇവരുടെ സെറ്റിലുള്ളൂ. നേരത്തേ ഷൂട്ടിങ്ങിന് ഭരണകുടം അനുമതി നിഷേധിച്ചതോടെ സിനിമാ സംഘം മുഖ്യമന്ത്രിയുടേയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റേയും സഹായം തേടിയിരുന്നു.10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ ഉള്ളൂവെന്ന് കാണിച്ചായിരുന്നു ഇത്.

ഭക്ഷണവും ഇല്ലെന്ന്
ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടിരുന്നു.നടപടിയെടുക്കാൻ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും സിനിമാ പ്രവർത്തകരുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. സംഘത്തിന് ഭക്ഷണം എത്തിക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു.

10ാം തീയതി വരെ
ഇതോടെ 10ാം തീയതി വരെ ഷൂട്ടിങ്ങ് തുടരാനായിരുന്നു സിനിമാ സംഘത്തിന്റെ തിരുമാനം. എന്നാൽ ജോർദാനിൽ കൊവിഡ് പിടിമുറുക്കിയതോടെയാണ് ഇപ്പോൾ ഭരണകുടം വീണ്ടും ഇടപെട്ടിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 5 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 268 ആയി.

വിമാന സർവ്വീസുകൾ ഇല്ല
ഉടൻ തന്നെ രാജ്യം വിടണമെന്ന് ഭരണകുടം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ മാസം എട്ടാം തീയതിയാണ് സംഘാംഗങ്ങളുടെ വിസ കാലാവധി അവസാനിക്കുന്നത്. അതേസമയം നിലവിൽ ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഏപ്രിൽ 14 ന് മുൻപ് ഇവരെ തിരികെ എത്തിക്കാൻ ആകുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.












Click it and Unblock the Notifications