'ശ്രീധരൻ പിള്ളയദ്ദേഹത്തോട് ലാലേട്ടൻ ക്ഷമിച്ചാലും അയ്യപ്പ സ്വാമി പൊറുക്കില്ല', ട്രോളി ജയശങ്കർ
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബിജെപി ഹർത്താൽ.ശബരിമല സംഭവവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യ എന്നാണ് വേണുഗോപാലൻ നായരുടെ മരണമൊഴി. അതുകൊണ്ട് തന്നെ ബിജെപി ഹർത്താലിനെതിരെ വലിയ ജനരോഷം ഉയർന്നു. മോഹൻലാൽ ചിത്രമായ ഒടിയന്റെ റിലീസ് ദിനമാണ് എന്നതും ഹർത്താലിനെതിരെ പ്രതിഷേധമുയരാൻ കാരണമായി. ബിജെപി ഹർത്താലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: സെക്രട്ടേറിയറ്റ് നടയിൽ സമരപ്പന്തലിനരികിൽ ആത്മാഹൂതി ചെയ്തയാളോടുളള ആദര സൂചകമായി ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുന്നു. മരിച്ചയാൾക്കു രാഷ്ട്രീയമില്ലെന്നും മനോരോഗിയാണെന്നും ജീവിത നൈരാശ്യം നിമിത്തമാണ് ജീവനൊടുക്കിയതെന്നും പോലീസ് പറയുന്നു. ബന്ധുക്കൾ അത് ആവർത്തിക്കുന്നു. സുപ്രീംകോടതി വിധിയോടും സർക്കാർ നിലപാടിനോടുമുളള പ്രതിഷേധ സൂചകമാണ് ആത്മാഹൂതി എന്ന് ബിജെപി ആരോപിക്കുന്നു. ഇനി അഥവാ ജീവിതനൈരാശ്യം ഉണ്ടായെങ്കിൽ തന്നെ അത് ശബരിമലയുമായി ബന്ധപ്പെട്ടതാകും.

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താലാണിത്. മൂന്നെണ്ണം ജില്ലാതല ഹർത്താൽ; ഇതടക്കം മൂന്നെണ്ണം സംസ്ഥാന ഹർത്താൽ. ശബരിമല ക്ഷേത്രത്തിൻ്റെ പ്രശസ്തിയും ബിജെപിയുടെ സമര പാരമ്പര്യവും പരിഗണിക്കുമ്പോൾ വരുന്ന മകരവിളക്കിനു മുമ്പ് എട്ടോ ഒമ്പതോ ഹർത്താലിനു കൂടി സ്കോപ്പുണ്ട്.
കേരളത്തിൻ്റെ ദേശീയാഘോഷം ഹർത്താലാണ്. എങ്കിലും മോഹൻലാലിൻ്റെ 'ഒടിയൻ' സിനിമ റിലീസാകുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് ശരിയല്ല. പ്രത്യേകിച്ചും ലാലേട്ടൻ തിരുവനന്തപുരത്തു മത്സരിക്കും എന്ന് ശ്രുതിയുളള സാഹചര്യത്തിൽ. ശ്രീധരൻ പിള്ളയദ്ദേഹത്തോട് ലാലേട്ടൻ ക്ഷമിച്ചാലും അയ്യപ്പ സ്വാമി പൊറുക്കില്ല എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications