33 വര്‍ഷത്തിനിടെ ആദ്യമായി കിങ് ഖാനെ തേടിയെത്തിയ ദേശീയ അംഗീകാരം; വൈകിപ്പോയെന്ന് ആരാധകര്‍
ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള സിനിമാ താരങ്ങളില്‍ ഒരാള്‍, നൂറിലേറെ ബോളിവുഡ് ചിത്രങ്ങള്‍, എന്നിട്ടും ബോളിവുഡിലെ കിങ് ഖാന് ദേശീയ പുരസ്‌കാരം കിട്ടാക്കനിയായിരുന്നു. എന്നാല്‍ ഇക്കുറി, 33 വര്‍ഷത്തെ സിനിമ കരിയറില്‍ ആദ്യമായി, 59-ാം വയസില്‍ ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം ലഭിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന നടനായിട്ടും എണ്ണമറ്റ ഫിലിം ഫെയര്‍ അവാര്‍ഡുകളും 2005 ല്‍ പത്മശ്രീ ബഹുമതി ഉള്‍പ്പെടെ ലഭിച്ചിട്ടും ദേശീയ ചലച്ചിത്ര പുരസ്‌കാരം മാത്രം നടന് ലഭിച്ചിരുന്നില്ല. പതിറ്റാണ്ടുകളോളം ആരാധകരെ കരയിക്കുകയും ചിരിപ്പിക്കുകയും പ്രണയിക്കാന്‍ പ്രേരിപ്പിക്കുകയും ഒക്കെ ചെയ്ത നടന്റെ സിനിമയോടുള്ള ആത്മസമര്‍പ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി വൈകിയെത്തിയ ഈ ദേശീയ പുരസ്‌കാരം.

2003 ഷാരൂഖാനെ സംബന്ധിച്ച് ഭാഗ്യ വര്‍ഷമായിരുന്നു. പത്താന്‍, ജവാന്‍ ഭംഗി എന്നീ ചിത്രങ്ങള്‍ ഇന്ത്യയിലും ആഗോളതലത്തിലും വമ്പന്‍ ഹിറ്റായി മാറിയിരുന്നു. മൂന്നു ചിത്രങ്ങളും ഇന്ത്യയില്‍ നിന്ന് 1300 കോടിയോളം രൂപയാണ് കളക്ഷന്‍ നേടിയത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ ചിത്രം 2500 കോടിയും നേടി. ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ ഒരു വര്‍ഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായി ഷാരൂഖ് ഖാന്‍ മാറുകയും ചെയ്തു.
രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ സിനിമയുടെ അംബാസിഡറായാണ് ഷാരൂഖ് ഖാന്‍ അറിയപ്പെടുന്നത്. 1992 ദിവാനയിലൂടെ അരങ്ങേറ്റം കുറിച്ച ഷാരൂഖ് ഖാന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 90 കിഡ്‌സും ജെന്‍സി കിഡ്‌സും ഒരു പോലെ നെഞ്ചേറ്റിയ ഷാരൂഖ് ഖാന്റെ പേരിലുള്ളത് എണ്ണമറ്റ ഹിറ്റുകള്‍.
കടുക് പാടങ്ങളിലെ ഷാരൂഖ് ഖാന്റെ പ്രണയം കണ്ട് വളര്‍ന്ന തലമുറ തങ്ങളുടെ പ്രണയ സങ്കല്‍പങ്ങളെയും അതുപോലെ രൂപപ്പെടത്തിയെടുത്തു. ഡര്‍, ബാസിഗര്‍, ദില്‍ സേ, ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ, ദേവദാസ്, വീര്‍ സാറ, കല്‍ ഹോ ന ഹോ, പഹേലി, സ്വദേശ്, ചക് ദേ ഇന്ത്യ, കഭി ഹാന്‍ കഭി നാ, അന്‍ജാം, ഡോണ്‍ തുടങ്ങിയവ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളാണ്.
ജൂഹി ചൗളി, കാജോള്‍, റാണി മുഖര്‍ജി എന്നിവരുമായിട്ടുള്ള ഷാരൂഖ് ഖാന്റെ കെമിസ്ട്രിയും പ്രണയ ഗാനങ്ങളും ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
വര്‍ഷങ്ങളായി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഷാരൂഖ് ഖാന്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആക്ഷന്‍ ചിത്രം കിങ്ങിന്റെ ചിത്രീകരണത്തിലാണ് ഷാരൂഖ്. അടുത്ത വര്‍ഷമാണ് റിലീസ്. മകള്‍ സുഹാനാ ഖാന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാണ്.
അതേസമയം, ഷാരൂഖ് ഖാന്‍ വളരെക്കാലം മുന്‍പേ ദേശീയ പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്ന അഭിപ്രായമാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. വീര്‍ സാറ, ചക് ദേ ഇന്ത്യ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ പുരസ്‌കാരം കിട്ടേണ്ടതായിരുന്നു എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്. എന്തായാലും കരിയറിലെ തിരിച്ചടികള്‍, ഇടവേള, പരിക്കുകള്‍ എന്നിവ തരണം ചെയ്ത് ഷാരൂഖ് ഖാന്‍ കിങ് ഖാനായി തന്നെ ബോളിവുഡില്‍ മുന്നോട്ടു പോകുകയാണ്.












Click it and Unblock the Notifications