റദ്ദാക്കിയ പൗരത്വം 12 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ച് സുപ്രീകോടതി: പക്ഷെ വിധി വന്നത് റഹീം അലിയുടെ മരണ ശേഷം
ഡല്‍ഹി: 12 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം അസം സ്വദേശിയുടെ ഇന്ത്യന്‍ പൗരത്വം പുനഃസ്ഥാപിച്ച് നല്‍കി സുപ്രീംകോടതി. അസം നിവാസിയായ റഹീം അലിയുടെ പൗരത്വമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ച് നല്‍കിയത്. സംസ്ഥാനത്തെ ഒരു ട്രൈബ്യൂണൽ റഹീം അലിയെ വിദേശിയാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ 12 വർഷമായി കേസ് നടത്തി വരുകയായിരുന്നു അദ്ദേഹം.
ഏറ്റവും ദുഖകരമായ കാര്യം അലി മരിച്ച് രണ്ടര വർഷത്തിന് ശേഷമാണ് ഈ സുപ്രീംകോടതി വിധി വരുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. "വിദേശി", "ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ" എന്നീ വിളികേട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

അസമിലെ നാൽബാരി ജില്ലയിലെ കാശിംപൂർ ഗ്രാമത്തിൽ താമസിച്ചിരുന്ന അലി 2021 ഡിസംബർ 28 ന് തന്റെ 58-ആം വയസ്സിലാണ് മരണപ്പെടുന്നത്. റഹീം അലി മരണപ്പെട്ടെങ്കിലും കേസ് തുടരുകയായിരുന്നു. ഫോറിനേഴ്‌സ് ആക്ടിലെ സെക്ഷൻ 9 പ്രകാരം 2012-ലായിരുന്നു ട്രൈബ്യൂണൽ റഹീം അലിയെ വിദേശിയായി പ്രഖ്യാപിച്ചത്.
ആരോഗ്യപ്രശ്‌നങ്ങൾ കാരണം ട്രൈബ്യൂണലിൽ ഹാജരാകാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റഹീം ഗുവാഹത്തി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹം വിദേശിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ 2017 ൽ സുപ്രീംകോടതി ട്രൈബ്യൂണിലിനോട് നിർദേശിച്ചു.
അദ്ദേഹം ഹാജരാക്കിയ ചില രേഖകളിലെ അക്ഷരങ്ങളിലേയും തീയതികളിലും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഇത്തവണയും ട്രൈബ്യൂണൽ അദ്ദേഹത്തെ വിദേശിയായി പ്രഖ്യാപിച്ചു.
ഒരു കീഴ്‌ക്കോടതി അഭിഭാഷകൻ തനിക്ക് കേസ് കൈമാറിയതിനെ തുടർന്നാണ് അലിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാതെന്നാണ് അഭിഭാഷകൻ കൗശിക് ചൗധരി വ്യക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ചൗധരി പറഞ്ഞു. "അത് ഞങ്ങള്‍ ഒരിക്കലും അറഞ്ഞില്ല. കുടുംബമോ സംസ്ഥാനമോ അറിയിച്ചിരുന്നെങ്കിൽ മാത്രമേ ഞങ്ങൾക്ക് ഇത് അറിയാൻ കഴിയൂ, പക്ഷേ അങ്ങനെ ഒന്നുണ്ടായില്ല. ഈ കേസുകളിലെ ആളുകൾ അത്ര വിദ്യാസമ്പന്നരുമായിരുന്നില്ല" അദ്ദേഹം പറഞ്ഞു.
അലിയുടെ മരണശേഷം കുടുംബത്തിലെ ആരും അഭിഭാഷകരുമായി സംസാരിച്ചിട്ടില്ലെന്ന് അലിയുടെ മകൻ മൊജിബുർ റഹ്മാൻ പറഞ്ഞതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നിയമപോരാട്ടത്തിലെ ഏറ്റവും വലിയ ഭയം "പോലീസ് പിടിച്ച് കൊണ്ടുപോകും" എന്നായിരുന്നുവെന്ന് റഹീം അലിയുടെ ഭാര്യ ഹജിറ ബീബി (51)യും വ്യക്തമാക്കുന്നു.
വാസ്തവത്തിൽ, ട്രൈബ്യൂണൽ അദ്ദേഹത്തെ വിദേശിയായി പ്രഖ്യാപിച്ചതോടെ മാസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടതായും ഹജിറ ബീബി പറയുന്നു. "രാത്രിയിൽ പോലീസ് വന്ന് തന്നെ കൊണ്ടുപോകുമോയെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽ അദ്ദേഹം എല്ലാ രാത്രിയിലും ആരും അറിയാതെ മറ്റൊരാളുടെ വീട്ടിലായിരുന്നു താമസം. അദ്ദേഹം വീട്ടിലില്ലെന്ന് ഞാനല്ലാതെ മറ്റാർക്കും അറിയില്ല. എൻ്റെ കുട്ടികൾ പോലും വിശ്വസിച്ചിരുന്നത് അവരുടെ പിതാവ് വീണ്ടിലുണ്ട് എന്നായിരുന്നു" ഹാജിറ ബീബി ഓർക്കുന്നു.
യഥാർത്ഥത്തില്‍ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ എക്‌സ്പ്രസ് സംഘം റഹീം അലിയെ അന്വേഷിച്ച് എത്തുമ്പോഴാണ് സുപ്രീംകോടതി വിധിയെക്കുറിച്ച് കുടുംബം പൂർണ്ണമായും അറിയുന്നത്. വിധിയുടെ ഡിജിറ്റൽ പകർപ്പ് അവർക്ക് അയച്ചിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ മക്കൾക്ക് അത് വായിക്കാൻ കഴിഞ്ഞിരുന്നില്ല. ഫാർമസിസ്റ്റായ ഒരു ബന്ധുവാണ് തങ്ങളോട് ഇക്കാര്യം വിശദീകരിച്ചതെന്നും മൂത്തമകൻ ഹബീബർ റഹ്മാൻ (36) പറയുന്നു.
കേസ് നടത്തിപ്പിനായി വലിയ തുക ചിലവഴിക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം പറയുന്നു. രണ്ടരലക്ഷത്തോളം രൂപ കേസിനായി ചിലവഴിച്ചു. 1997 മുതൽ കാശിമ്പൂരിലാണ് ഇവർ താമസിക്കുന്നതെങ്കിലും വീടിന്റെ അവസ്ഥയൊക്കെ ദയനീയമാണ്.
അതേസമയം,ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിലെ ടോറെയിൽ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ദോരിജഹാംഗിർപൂർ ഗ്രാമത്തിൽ നിന്നാണ് ഇയാൾ 1971 മാർച്ച് 25ന് ഇന്ത്യയിലേക്ക് കുടിയേറിയതെന്നായിരുന്നു അസം പോലീസിന്റെ വാദം. ഇതേക്കുറിച്ച് അറിയുമോയെന്ന ചോദ്യത്തിന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമത്തോടെ ചിരിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളുവെന്നായിരുന്നു ഹാജിറ ബീബിയുടെ മറുപടി.












Click it and Unblock the Notifications