വിമാനത്തിനുള്ളില്‍ വീണ്ടും സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചു; ഉറക്കത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം
എയര്‍ ഇന്ത്യയില്‍ സഹയാത്രികക്ക് മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. അതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പെയാണ് പുതിയ സംഭവം

ന്യൂദല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് സഹയാത്രികന്റെ മേല്‍ വീണ്ടും മൂത്രമൊഴിച്ച് യാത്രികന്‍. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ആണ് സംഭവം എന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തതായി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐ ജി ഐ) വിമാനത്താവളം വൃത്തങ്ങള്‍ പി ടി ഐയോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9.16 ന് ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എ എ 292 അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.
ടേക്ക് ഓഫിന് 14 മണിക്കൂറും 26 മിനിറ്റും കഴിഞ്ഞ് ശനിയാഴ്ച രാത്രി 10:12 ന് ആണ് വിമാനം ദല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. പ്രതി യു എസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്നും മദ്യപിച്ച് ഉറങ്ങിക്കിടക്കുമ്പോള്‍ മൂത്രമൊഴിച്ചു എന്നുമാണ് പറയപ്പെടുന്നത്.

ഇത് എങ്ങനെയോ സഹയാത്രികന്റെ മേല്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അബദ്ധത്തില്‍ സംഭവിച്ച കാര്യത്തില്‍ വിദ്യാര്‍ത്ഥി സഹയാത്രികനോട് ക്ഷമ ചോദിച്ചു. സംഭവം യാത്രക്കാരന്‍ റിപ്പോര്‍ട്ട് ചെയ്യാനും തയ്യറായിരുന്നില്ല.
എന്നാല്‍ സംഭവത്തെ കുറിച്ച് ജീവനക്കാര്‍ അറിഞ്ഞതിനാല്‍ അവര്‍ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. വിവരം ദല്‍ഹി പൊലീസിനും കൈമാറിയിട്ടുണ്ട്.
നേരത്തെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ചെത്തിയ ശങ്കര്‍ മിശ്ര എന്നയാള്‍ സഹയാത്രികക്ക് മേല്‍ മൂത്രമൊഴിച്ചിരുന്നു. ശങ്കര്‍ മിശ്രയെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന് 12 മണിക്കൂറിന് ഉള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് ഡി ജി സി എ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തില്‍ നാല് മാസത്തേക്ക് ശങ്കര്‍ മിശ്രയ്ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications