രാഷ്ട്രപതി തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയാകില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധിയും, പ്രതിപക്ഷം വെട്ടില്‍
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. മൂന്ന് പേരുകളാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചയിലുണ്ടായിരുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി എന്നിവരായിരുന്നു അവര്‍. പവാറും ഫാറൂഖ് അബ്ദുല്ലയും നേരത്തെ മുഖം തിരിച്ചിരുന്നു. ഇപ്പോള്‍ ഗോപാലകൃഷ്ണ ഗാന്ധിയും പിന്‍മാറിയിരിക്കുന്നു. ഇതോടെ പ്രതിപക്ഷത്തിന് രാഷ്ട്രപതി സ്ഥാനര്‍ഥിയില്ലെന്നാണ് വിവരം. മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെ പ്രതിപക്ഷം മുന്നോട്ട് വെക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

പശ്ചിമ ബംഗാളിന്റെ മുന്‍ ഗവര്‍ണറാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി. മമത ബാനര്‍ജി മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നത്. മമത തന്നെയാണ് പേര് നിര്‍ദേശിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തന്റെ പേര് നിര്‍ദേശിച്ചതില്‍ നന്ദിയുണ്ടെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗാന്ധി ഓഫര്‍ നിരസിച്ചത്. രാഷ്ട്രപതിയാകുന്ന വ്യക്തി ദേശീയ തലത്തില്‍ പൊതുസമ്മതനാകേണ്ടതുണ്ട്. അത്തരത്തിലുള്ള വ്യക്തികള്‍ വേറെയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഗോപാലകൃഷ്ണ ഗാന്ധി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം വീണ്ടും യോഗം ചേരാനിരിക്കെയാണ് ഗാന്ധിയുടെ പ്രതികരണം.
അതേസമയം, എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കൂടാതെ ദളിത്-ആദിവാസി നേതാക്കളുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. രാംനാഥ് കോവിന്ദ് തന്നെ വീണ്ടും രാഷ്ട്രപതിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ രാജ്‌നാഥ് സിങിനെയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിജെപി. എന്‍ഡിയിലെ ബിജെപി ഇതര കക്ഷികള്‍, യുപിഎ, മറ്റു പ്രാദേശിക പാര്‍ട്ടികള്‍, സ്വതന്ത്ര എംപിമാര്‍ എന്നിവരുമായി ഇരുവരും ചര്‍ച്ച നടത്തും.
ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണും. തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തുക. നാമനിര്‍ദേശം ചെയ്ത എംപിമാര്‍ക്കും എംഎല്‍എമാരും വോട്ടുണ്ടാകില്ല. നിലവിലെ എണ്ണം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ഇലക്ട്രല്‍ കോളജില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്കാണ്. ചില പ്രാദേശിക കക്ഷികള്‍ കൂടി എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. 2017ല്‍ ബിജെപി നിര്‍ദേശിച്ച രാംനാഥ് കോവിന്ദിനെ പ്രാദേശിക കക്ഷികളും പിന്തുണച്ചിരുന്നു.












Click it and Unblock the Notifications