ബംഗാളില്‍ ബിജെപിക്ക് അടിപതറുന്നു; നൂറിലേറെ പഞ്ചായത്തംഗങ്ങള്‍ തൃണമൂലില്‍
കൂച്ച് ബിഹാര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു. കുച്ച് ബിഹാറിലെ നിരവധി പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂച്ച് ബിഹാര്‍ ജില്ലാ ടിഎംസി ഓഫീസില്‍ തൃണമൂല്‍ പതാക കൈമാറി ജില്ലാ പ്രസിഡന്റ് അഭിജിത് ഡി ഭൗമിക് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
നിരവധി പ്രാദേശിക ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തുഫംഗഞ്ച് അന്ധരന്‍ ഫുല്‍ബാരി-1 ഗ്രാമപഞ്ചായത്തിലെ ബിജെപി പഞ്ചായത്ത് അംഗമായ സുധീര്‍ ബര്‍മനും നടബാരി നിയമസഭാ മണ്ഡലത്തിന് കീഴിലെ ദന്‍വാഗുരി ഗ്രാമപഞ്ചായത്തിലെ ഏക ബിജെപി പഞ്ചായത്ത് അംഗമായ സുമിത്ര ബര്‍മനും ബുധനാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വികസന സംരംഭങ്ങളില്‍ ആകൃഷ്ടരായി അതില്‍ ഭാഗമാകാന്‍ വേണ്ടിയാണ് കൂച്ച് ബെഹാറിലെ ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നത് എന്ന് അഭിജിത് ഡി ഭൗമിക് പറഞ്ഞു. 128 ഓളം പഞ്ചായത്ത് അംഗങ്ങള്‍ ബി ജെ പിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ട് എന്നും ഇനിയും ഒരുപാട് ബി ജെ പി അംഗങ്ങള്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി ശൂന്യമാകും എന്നും അഭിജിത് ഡി ഭൗമിക് അവകാശപ്പെട്ടു. എന്നാല്‍ ഭരണത്തിന്റെ തണലില്‍ ഭീഷണിപ്പെടുത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പിക്കാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോകുന്നത് എന്ന് ബി ജെ പിയുടെ കൂച്ച് ബിഹാര്‍ ജില്ലാ പ്രസിഡന്റ് സുകുമാര്‍ റോയ് അവകാശപ്പെട്ടു. കൂച്ച് ബിഹാര്‍ ജില്ലയില്‍ ആകെ 128 ഗ്രാമപഞ്ചായത്തുകളാണുള്ളത്.
റൂറല്‍ തിരഞ്ഞെടുപ്പിന് ശേഷം 24 ഗ്രാമ പഞ്ചായത്തുകളില്‍ ബി ജെ പിയാണ് ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 104 സീറ്റുകളില്‍ ഭരണം പിടിച്ചു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ ബിജെപി പ്രതിസന്ധിയിലായി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കഴിഞ്ഞ ജനുവരിയിലും കൂച്ച് ബിഹാറില്‍ നിരവധി പേര്‍ ബിജെപി വിട്ട് ടിഎംസിയില്‍ ചേര്‍ന്നിരുന്നു.
കൂച്ച് ബിഹാറിലെ 1 ബ്ലോക്കിലെ ഗുരിയാത്തി ജിപിയുടെ കീഴിലുള്ള ബൂത്തിലെ എല്ലാ ബിജെപി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു. അടുത്ത കാലത്തായി ബിജെപി വലിയ സ്വാധീനമുണ്ടാക്കിയ മേഖലയായിരുന്നു കൂച്ച് ബിഹാര്‍. എന്നാല്‍ സമീപകാലത്തായി ബിജെപിക്ക് അനുകൂലമല്ല ഇവിടത്തെ കാര്യങ്ങള്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കൂച്ച് ബിഹാര്‍ സീറ്റ് ടിഎംസി പിടിച്ചെടുത്തിരുന്നു.
സിറ്റിംഗ് നിസിത് പ്രമാണിക്കിനെ 40000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജഗദീഷ് ചന്ദ്രബ ബര്‍മയിലൂടെ തൃണമൂല്‍ സീറ്റ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച മമത ബാനര്‍ജി ബിജെപിയുടെ രാജ്യസഭാ എംപി നാഗന്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂച്ച് ബിഹാറില്‍ നിര്‍ണായക സ്വാധീനമുള്ള രാജ്ബന്‍ഷി സമുദായത്തില്‍പ്പെട്ടയാളാണ് നാഗന്‍ റോയ്. ഈ കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ടോ എന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായിരുന്നു.












Click it and Unblock the Notifications