നവീൻ പട്നായിക്കിനെ കണ്ടു, ഇനി കൂടിക്കാഴ്ച എച്ച്ഡി കുമാരസ്വാമിയുമായി; നീക്കങ്ങൾക്ക് വേഗം കൂട്ടി മമത

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം സാധ്യമായില്ലെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് എളുപ്പമാകില്ലെന്നത് വ്യക്തമാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് ബി ജെ പി വിരുദ്ധരെ അണി നിരത്താനുള്ള ശ്രമങ്ങൾ പ്രതിപക്ഷം ആരംഭിച്ചിട്ടുണ്ട്. ഒരു വശത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. മറുവശത്ത് കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും ഒരു പോലെ അകലം പാലിച്ച് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവുമായും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഉടൻ തന്നെ കർണാടക മുൻ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയുമായും മമത കൂടിക്കാഴ്ച നടത്തും.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി ജെ പിക്കുമെതിരെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ജെ ഡി എസ്. തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിൽ ബി ജെ പിയെ നേരിടണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നെങ്കിലും ഇരു പാർട്ടികളും ഇക്കാര്യം തള്ളിയിരുന്നു. കോൺഗ്രസിനെ കടന്നാക്രമിച്ച് കൊണ്ടാണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ ഡി എസ് പ്രചരണം നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജെ ഡി എസുമായി മമത കൂടിക്കാഴ്ച നടത്തുന്നത്.
അതേസമയം വരും ദിവസങ്ങളിൽ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളുമായും മമത കൂടിക്കാഴ്ച നടത്തും.
പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ടായി ബി ജെ പിക്കെതിരെ പോരാട്ടം കടുപ്പിക്കണമെന്ന നിലപാടായിരുന്നു പട്നായിക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മമത പ്രതികരിച്ചത്. പട്നായിക്കുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമാണെന്നും മമത പ്രതികരിച്ചിരുന്നു. 'പ്രാദേശിക പാർട്ടികൾ ശക്തരാണ്. അവർക്ക് പലതും ചെയ്യാൻ സാധിക്കും. നയങ്ങൾ നടപ്പാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിമാർ ആരെ സന്ദർശിച്ചാലും കൂടിക്കാഴ്ച നടത്തിയാലും ഫെഡറൽ സംവിധാനത്തെ കുറിച്ചായിരിക്കും ഞങ്ങൾ ചർച്ച ചെയ്യുക', മമത ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ പ്രതിപക്ഷഐക്യം എന്ന ലക്ഷ്യവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയകൺവീനറുമായ അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിലും ചില നീക്കങ്ങൾ നടക്കുന്നുണ്ട്. ബി ജെ പി , കോൺഗ്രസ് ഇതര പാർട്ടികൾ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കെജരിവാൾ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെയാണ് ക്ഷണിച്ചത്. എന്നാൽ നേതാക്കൾ ആരും തന്നെ കെജരിവാളിന്റെ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications