Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒപിഎസോ, ശശികലയോ, അതോ ഞെട്ടിപ്പിച്ചുകൊണ്ട് സ്റ്റാലിനോ? തമിഴകത്ത് എന്തുംസംഭവിക്കാം, ബിജെപിയുടെ കുഴിയും

ആരായിരിക്കും തമിഴകത്തെ അടുത്ത മുഖ്യമന്ത്രി? അത് പനീര്‍ശെല്‍വം ആകാം, ശശികലയും ആകാം, ചിലപ്പോള്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ വരെ ആകാം

ചെന്നൈ: കലങ്ങി മറിഞ്ഞ തമിഴ് രാഷ്ട്രീയത്തില്‍ ഇനി എന്ത് സംഭവിക്കും എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. 235 എംഎല്‍മാരുള്ള തമിഴ്‌നാട് നിയസഭയില്‍ ഭരണം കിട്ടാന്‍ 118 എംഎല്‍എമാരുടെ പിന്തുണ വേണം.

ഒറ്റ എംഎല്‍എ പോലും ഇല്ലാത്ത ബിജെപി പോലും ഇപ്പോള്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഏറെ കാലമായി ഭരണത്തിന്റെ ഇടനാഴികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഡിഎംകെയും പ്രതീക്ഷയിലാണ്.

89 എംഎല്‍എമാരുള്ള ഡിഎംകെ ആയിരിക്കും നിര്‍ണായകം എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 135 എംഎല്‍എമാരുള്ള എഐഎഡിഎംകെയില്‍ എത്രപേര്‍ പനീര്‍ശെല്‍വത്തിനൊപ്പം? എത്ര പേര്‍ ശശികലയ്‌ക്കൊപ്പം... തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി എന്ത്?

വച്ച രാജി പിന്‍വലിക്കാന്‍ പറ്റുമോ?

പനീര്‍ശെല്‍വം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചുകഴിഞ്ഞു. ഇപ്പോഴദ്ദേഹം കാവല്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടാണ് താന്‍ രാജിവച്ചത് എന്ന കാര്യം ഗവര്‍ണറെ ബോധ്യപ്പെടുത്താനായാല്‍ പനീര്‍ശെല്‍വത്തിന് രാജി പിന്‍വലിക്കാം. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ ഭരണത്തില്‍ തുടരാം.

എത്ര എംഎല്‍എമാരെ വേണം?

ഭൂരിപക്ഷം തെളിയിക്കാന്‍ 118 എംഎല്‍എമാരുടെ പിന്തുണ വേണം പനീര്‍ശെല്‍വത്തിന്. നിയമസഭയില്‍ എഐഎഡിഎംകെയ്ക്ക് 134 എംഎല്‍എമാരാണ് ഉള്ളത് (ജയലളിതയുടെ മരണശേഷം ഒരു സീറ്റ് ഒഴിവാണ്). ഇവരില്‍ എത്രപേര്‍ പനീര്‍ശെല്‍വത്തിനൊപ്പംനില്‍ക്കും.

ഡിഎംകെ ഗോളടിക്കുമോ?

നിയമസഭയിലെ രണ്ടാംകക്ഷി ഡിഎംകെയാണ്. അവര്‍ക്ക് 89 എംഎല്‍മാരുണ്ട്. കൂടാതെ ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് എട്ടും മുസ്ലീം ലീഗിന് ഒന്നും വീതം എംഎല്‍എമാരുണ്ട്. അതായത് നിലവില്‍ ഡിഎംകെ സഖ്യത്തില്‍ 98 എംഎല്‍എമാരുണ്ട്.

എത്ര കിട്ടിയാല്‍ ഭരണം?

നിലവിലെ സാഹചര്യത്തില്‍ 20 എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഡിഎംകെയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കും. അതിന് പനീര്‍ശെല്‍വത്തിന്റെ പിന്തുണ കൂടിയേ മതിയാകൂ.

മുഖ്യമന്ത്രിസ്ഥാനം വിട്ട് കളിക്കുമോ

ഡിഎംകെയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പനീര്‍ശെല്‍വം തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെ വന്നാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കാന്‍ ഡിഎംകെ തയ്യാറാകുമോ? ചര്‍ച്ചകളുടെ സാധ്യതയ്ക്ക് അവസാനമില്ലെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

രാഷ്ട്രപതിഭരണം വരുമോ?

തമിഴകത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള സാധ്യതയും കുറവല്ല. ഗവര്‍ണര്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അങ്ങനെ സംഭവിക്കണമെങ്കില്‍ എന്തുണ്ടാകണം?

ഒപിഎസ്സിനൊപ്പം ചിലര്‍, ശശികലയ്ക്ക് ഭൂരിപക്ഷമില്ല, ഡിഎംകെ വിട്ടുനിന്നാല്‍

പനീര്‍ശെല്‍വത്തിനൊപ്പം 20 എംഎല്‍എമാര്‍ നില്‍ക്കുകയും ഇവര്‍ ഡിഎംകെയ്ക്ക് പിന്തുണ നല്‍കാതിരിക്കുകയും ചെയ്താല്‍ തമിഴകം രാഷ്ട്രീയ പ്രതിസന്ധിയിലാവും. ഡിഎംകെയ്‌ക്കോ ശശികലയ്‌ക്കോ കേവല ഭൂരിപക്ഷം തെളിയ്ക്കാനാവില്ല. അത്തരം സാഹചര്യം വന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കും.

സ്റ്റാലിന് മുഖ്യമന്ത്രിയാകാം

പനീര്‍ശെല്‍വത്തിനൊപ്പം എത്ര എംഎല്‍എമാര്‍ നില്‍ക്കുമെന്ന് ഉറപ്പില്ല. 19 എംഎല്‍എമാര്‍ ഉണ്ടെങ്കില്‍, അവര്‍ പുറത്ത് നിന്ന് ഡിഎംകെയെ പിന്തുണയ്ക്കുമെങ്കില്‍ എംകെ സ്റ്റാലിന്‍ ഒരു പക്ഷേ തമിഴകത്തിന്റെ മുഖ്യമന്ത്രിയും ആയേക്കാം.

ശശികല കളിച്ചാല്‍... എല്ലാവരും പുറത്ത്

പനീര്‍ശെല്‍വത്തോടൊപ്പം എഐഎഡിഎംകെ എംഎല്‍എമാര്‍ ആരും പോയില്ലെങ്കില്‍ ആയിരിക്കും തമിഴകം ശരിക്കും ഞെട്ടുക. അങ്ങനെയെങ്കില്‍ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാം. പിന്നീട് പനീര്‍ശെല്‍വത്തിന് എന്ത് സംഭവിക്കും എന്ന് പോലും പറയാന്‍ സാധിക്കില്ല.

നിയമസഭ പിരിച്ചുവിട്ടാല്‍

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ നിയമസഭ തന്നെ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അതിനായിരിക്കും ബിജെപി കാത്തിരിക്കുക എന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+