Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോരപ്പാടു മായാതെ പഹല്‍ഗാം താഴ്‌വര; എങ്ങും ശ്മശാന മൂകത; ആശങ്കയില്‍ വ്യാപാരികള്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെക്കുറിച്ചുള്ള ഓര്‍മയില്‍ നീറുകയാണ് ഉറ്റവരും രാജ്യത്തെ ജനതയും. ഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന കാശ്മീര്‍ നേരിട്ട് കണ്ടതിന്റെ അത്ഭുതവും ആഹ്‌ളാദവും മായും മുന്‍പാണ് ഭീകരര്‍ ഉതിര്‍ത്ത വെടിയുണ്ടയില്‍ വിനോദ സഞ്ചാരികളുടെ ജീവന്‍ നഷ്ടമായത്. മരിക്കുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പുള്ള ആഹ്‌ളാദ നിമിഷങ്ങളും ജീവന്‍ നഷ്ടമായ ശേഷമുള്ള കണ്ണീര്‍കാഴ്ച്ചകളുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയെ.

മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന് വിളിക്കുന്ന ബൈസാരന്‍ താഴ്‌വര ഒരു നിമിഷം കൊണ്ട് ചോരപ്പുഴയായി മാറിയപ്പോള്‍ അത് കാശ്മീരിലെ സാധാരണക്കാരായ ജനങ്ങളുടെയും മനസിലെ തീരാത്ത മുറിപ്പാടായി മാറി. ടൂറിസ്റ്റ് സീസണ്‍ ആയിരുന്നതിനാല്‍ പൊട്ടിച്ചിരികളും കളിതമാശകളും നിറഞ്ഞ പുല്‍മേടുകള്‍ ഭീകരാക്രമണത്തോടെ നിശബ്ദമായി. വിനോദ സഞ്ചാരികളുടെ വരവോടെ പച്ചപിടിച്ചു വന്ന പഹല്‍ഗാമില്‍ ഇപ്പോഴെങ്ങും ശ്മശാന മൂകതയാണ്. ടൂറിസ്റ്റുകളെ ആശ്രയിച്ചു പ്രവര്‍ത്തിച്ചിരുന്ന കടകളെല്ലാം അടച്ചു. തെരുവു കച്ചവടക്കാര്‍ ഒഴിഞ്ഞുപോയി.

Pahalgam

ആക്രമണത്തെതുടര്‍ന്ന് പ്രാണഭയത്താല്‍ ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയതോടെ ഹോട്ടലുകള്‍ അടച്ചുപൂട്ടി. തിരക്കേറിയ പഹല്‍ഗാം, ആക്രമണമുണ്ടായ ചൊവ്വാഴ്ച്ചയ്ക്കു ശേഷം പ്രേതനഗരത്തിനു തുല്യമായി. പ്രദേശവാസികള്‍ നല്‍കിയ പിന്തുണയാണ് വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസമായി മാറിയത്. അവര്‍ ഭക്ഷണവും അഭയവും നല്‍കി. കശ്മീരി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചില വിനോദ സഞ്ചാരികള്‍ അവിടെ തന്നെ തുടരുകയാണ്.

ആക്രമണത്തില്‍ മനസ് തകര്‍ന്നുപോയ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ടൂറിസ്റ്റുകളുടെ തിരക്കിനൊപ്പം തങ്ങളുടെ ജീവിതവും മെച്ചപ്പെടുന്നതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. ആ സന്തോഷമാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.

പഹല്‍ഗാമിലേക്കുള്ള പ്രവേശന പോയിന്റായ യാനര്‍ റാഫ്റ്റിങ് പോയിന്റില്‍ റസ്റ്റോറന്റ് നടത്തുന്ന ഉമര്‍ മജീദ് ഭീകരാക്രമണത്തിനു ശേഷമുള്ള തങ്ങളുടെ അവസ്ഥ ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യോട് വിവരിച്ചു.

'ഭീകരാക്രമണം ഞങ്ങളെ തകര്‍ത്തുകളഞ്ഞു. ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്കു വന്നുകൊണ്ടിരുന്നത്. തിരക്ക് കൂടിയതോടെ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ സമയം കിട്ടില്ലായിരുന്നു. അതാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്' - ഉമര്‍ മജീദ് പറഞ്ഞു.

ഭീകരാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത വന്നയുടനെ ഉമറിന്റെ റെസ്റ്റോറന്റിലും സമീപത്തുള്ള മറ്റ് ഹോട്ടലുകളിലും ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ അഭയം തേടി. ഞങ്ങള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും സൗജന്യമായി ഭക്ഷണം നല്‍കുകയും ചെയ്തതായി ഉമര്‍ പറഞ്ഞു. എന്നാല്‍ വൈകുന്നേരത്തോടെ പഹല്‍ഗാമിലെ ഹോട്ടലുകള്‍ മിക്കതും കാലിയായി.

ആക്രമണത്തിന്റെ പിറ്റേന്ന് ബുധനാഴ്ച പുലര്‍ച്ചെ പഹല്‍ഗാമില്‍ നിന്ന് വിനോദസഞ്ചാരികളുമായി ഏകദേശം 200 വാഹനങ്ങളാണ് കടത്തിവിട്ടതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമീപകാലത്ത് വിനോദ സഞ്ചാര മേഖലയിലുണ്ടായ കുതിച്ചുചാട്ടത്തെതുടര്‍ന്ന് പഹല്‍ഗാമിലെ
ലിഡ്ഡര്‍ നദിയുടെ സമീപം നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് ആരംഭിച്ചത്. ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികളുടെ ജീവന്‍ നഷ്ടമായതോടെ ഇവയുടെയെല്ലാം ഭാവി അനിശ്ചിതത്വത്തിലായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+