കോണ്‍ഗ്രസില്‍ വിക്കറ്റ് വീണു തുടങ്ങി; ദേശീയ സെക്രട്ടറി രാജിവച്ചു, കൂടുതല്‍ പേര്‍ രാജിക്ക്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്കെതിരെ ജി23 നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കി കഴിഞ്ഞു. ആനന്ദ് ശര്‍മയും ശശി തരൂരും ഉള്‍പ്പെടെയുള്ള അഭിപ്രായം പ്രകടനം നടത്തുകയും ചെയ്തു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പദവികളില്‍ നിന്ന് രാജിവയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നേതൃത്വം തള്ളി. ഇതിനിടെയാണ് ദേശീയ സെക്രട്ടറി രാജിവച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ സിങ് രാജിവച്ചു.
ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിട്ടും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആഭ്യന്തര കലഹവും ഗ്രൂപ്പിസവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു. ഇതിനിടെയാണ് ദീപികയുടെ രാജി. തനിക്ക് സുപ്രധാന പദവിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് ഹൈക്കമാന്റിനോട് അവര്‍ നന്ദി പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് നേതാക്കാള്‍ രാജിക്കൊരുങ്ങി എന്ന വാര്‍ത്തകള്‍ക്കിടെയാണ് ദീപികയുടെ രാജി. ഉത്തരാഖണ്ഡിലെ മഹാഗമ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു അവര്‍. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് ദീപിക വ്യക്തമാക്കി. ദേശീയ സെക്രട്ടറി പദവിയും ഉത്തരാഖണ്ഡിന്റെ സഹ കാര്യ പദവിയും ഒഴിയുന്നു. ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും ദീപിക ട്വീറ്റ് ചെയ്തു. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. 47 സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. 2017ല്‍ ബിജെപിക്ക് 50ലധികം സീറ്റുണ്ടായിരുന്നു.
അതേസമയം, ഇന്ന് കോണ്‍ഗ്രസിന്റെ നിര്‍ണായകമായ യോഗം നടക്കുകയാണ്. രാവിലെ പത്ത് മണിക്കാണ് പാര്‍ലമെന്ററി കാര്യ ഗ്രൂപ്പിന്റെ യോഗം തുടങ്ങിയത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയ ഗാന്ധി യോഗം വിളിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് പ്രവര്‍ത്തക സമിതിയും വിളിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പദവി ഒഴിയണമെന്ന് ജെഡിയു അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തിരിച്ചുവരവിന് ശക്തമായ പദ്ധതി കോണ്‍ഗ്രസ് ആവിഷ്‌കരിക്കണം. എന്താണ് സംഭവിച്ചതെന്ന് പഠിക്കണം. ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുമെന്നാണ് കരുതുന്നതെന്നും രാജീവ് രഞ്ജന്‍ പറഞ്ഞു.
ബിജെപിക്ക് ബദല്‍ എന്ന മുദ്രാവാക്യത്തില്‍ എഎപിയും തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ തലത്തില്‍ സജീവമാകുകയാണ്. ഈ ഘട്ടത്തില്‍ പ്രസക്തി നഷ്ടപ്പെടുക കോണ്‍ഗ്രസിനാണ്. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തന രേഖ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കര്‍ണാടകത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളാണിതെല്ലാം. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടും.












Click it and Unblock the Notifications