സംഝോധ എക്‌സ്പ്രസിന് പിന്നാലെ ഥാര്‍ എക്‌സ്പ്രസും നിര്‍ത്തി വെച്ച് പാകിസ്താന്‍; പ്രതികരണവുമായി ഇന്ത്യ
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ വെള്ളിയാഴ്ചയും ഏകപക്ഷീയമായ നടപടികള്‍ തുടര്‍ന്നു. ലാഹോറിനും ദില്ലിക്കും ഇടയിലുള്ള സംഝോധ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തി വെച്ചതിന് തൊട്ടു പിന്നാലെ ഇന്ത്യയിലേക്കുള്ള അവസാന ട്രെയിന്‍ സര്‍വീസായ ഥാര്‍ എക്‌സ്പ്രസും നിര്‍ത്തി വെച്ചതായി പാകിസ്താന്‍ അറിയിച്ചു.
''ഥാര്‍ എക്‌സ്പ്രസും നിര്‍ത്തി വെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'' പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''ഞാന്‍ റെയില്‍വേ മന്ത്രിയായിരിക്കുന്നിടത്തോളം കാലം പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു ട്രെയിനും പ്രവര്‍ത്തിക്കില്ല.'' റാഷിദ് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ഖോക്രപാര്‍ പട്ടണങ്ങളും ഇന്ത്യയിലെ ബാര്‍മറിലെ മുനാബാവോയും തമ്മിലുള്ള പ്രതിവാര ട്രെയിന്‍ സര്‍വീസാണ് ഥാര്‍ എക്‌സ്പ്രസ്.

1976 ല്‍ ആരംഭിച്ച രണ്ടാഴ്ച ഇടയിലുള്ള ട്രെയിന്‍ സര്‍വീസ് സംഝോധ എക്‌സ്പ്രസ് നിര്‍ത്തലാക്കിയതായി റാഷിദ് അഹമ്മദ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ''സംഝോധ എക്‌സ്പ്രസ് അടച്ചുപൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു... ഞാന്‍ റെയില്‍വേ മന്ത്രിയായിരിക്കുന്നിടത്തോളം കാലം സംഝോധ എക്‌സ്പ്രസിന് ഓടാന്‍ കഴിയില്ല,'' അദ്ദേഹം പറഞ്ഞു. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ മിലിട്ടറി കോടതി വധശിക്ഷ വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കോണ്‍സുലര്‍ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നത് പോലെയുള്ള ഇസ്ലാമാബാദിന്റെ നടപടികള്‍ക്ക് അനുസൃതമായാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം. ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനവും പാകിസ്ഥാന്‍ നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാന് യുദ്ധം ആവശ്യമില്ലെന്നും എന്നാല്‍ ഇന്ത്യ അത് അടിച്ചേല്‍പിച്ചാല്‍ ഉചിതമായ പ്രതികരണം നല്‍കുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
ഇസ്ലാമാബാദിന്റെ നടപടി ഏകപക്ഷീയമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ വിശേഷിപ്പിച്ചു. തീരുമാനം പുനപരിശോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ''പാകിസ്ഥാന്‍ സ്വീകരിച്ച നടപടികള്‍ ഏകപക്ഷീയമാണ്. ഞങ്ങളോട് ആലോചിക്കാതെയാണ് ഇത് ചെയ്തിട്ടുള്ളത്. അവരുടെ തീരുമാനം പുനപരിശോധിക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാന്‍ ചെയ്യുന്നതെന്തും ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുകയേയുള്ളു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ആഭ്യന്തര കാര്യമാണെന്നും പാക്കിസ്ഥാന്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ വിലയിരുത്തല്‍. പാക്കിസ്ഥാന്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്നനും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications