ഫാറൂഖ് അബ്ദുല്ലയും പിന്മാറി; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി ഇനിയാര്? ബാക്കി ഒരാള്‍ മാത്രം
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥിയാകാനില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാ അംഗവുമായ ഫാറൂഖ് അബ്ദുല്ല. തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ടെന്ന് സൂചിപ്പിച്ചാണ് അദ്ദേഹം പിന്മാറിയത്. നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു. അടുത്തിടെ മമത ബാനര്‍ജി മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മൂന്ന് പേരുകളാണ് ചര്‍ച്ചയ്ക്ക് വന്നത്. അതില്‍ രണ്ടു പേരായിരുന്നു പവാറും അബ്ദുല്ലയും.
ഇനി ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ് ബാക്കിയുള്ളത്. എതിര്‍പ്പ് ഉയര്‍ന്നില്ലെങ്കില്‍ ഗാന്ധി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എത്തും. അദ്ദേഹം പിന്‍മാറുമോ എന്നാണ് അറിയേണ്ടത്. മമത ബാനര്‍ജിയാണ് ഗാന്ധിയുടെ പേര് നിര്‍ദേശിച്ചിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന തുടങ്ങി 17 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മൂന്ന് പേരുകള്‍ ചര്‍ച്ച ചെയ്തിരുന്നത്.

തന്റെ പേര് നിര്‍ദേശിച്ചതില്‍ മമതയോട് നന്ദിയുണ്ടെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനുമാണ് തനിക്ക് താല്‍പ്പര്യമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കശ്മീര്‍ പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് കരുതുന്നു. അതുകൊണ്ടാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാതിരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും ഫാറൂഖ് അബ്ദുല്ല അറിയിച്ചു.
അതേസമയം, ബിജെപിയുടെ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ രാജ്‌നാഥ് സിങിനെയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ് ബിജെപി.
എന്‍ഡിയിലെ ബിജെപി ഇതര കക്ഷികള്‍, യുപിഎ, മറ്റു പ്രാദേശിക പാര്‍ട്ടികള്‍, സ്വതന്ത്ര എംപിമാര്‍ എന്നിവരുമായി ഇരുവരും ചര്‍ച്ച നടത്തും. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണും. തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തുക. നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടുണ്ടാകില്ല. നിലവിലെ എണ്ണം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ഇലക്ട്രല്‍ കോളജില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്കാണ്. സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇത്തവണ ബിജെപിക്ക് സംശയമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications