രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് 500-ന്റേത്; തിരിച്ചെത്തുമോ 1000 രൂപാ നോട്ട്
ന്യൂദല്‍ഹി: 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ട് 500 ആയി. നേരത്തെ ആയിരം രൂപയായിരുന്നു രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ട്. എന്നാല്‍ 2016 നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനൊപ്പം ആയിരം രൂപ റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷം വന്ന 2000 രൂപ നോട്ടായിരുന്നു ഇതുവരെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ട്.
മൂല്യം കൂടിയ രണ്ടായിരത്തിന്റെ നോട്ടിനെച്ചൊല്ലി വിവിധയിടങ്ങളില്‍ നിന്ന് അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ആയിരം രൂപയ്ക്ക് പകരക്കാരനായാണ് രണ്ടായിരത്തിന്റെ നോട്ട് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അവതരിപ്പിച്ചത്. ഇപ്പോള്‍ രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതോടെ ആയിരം രൂപയുടെ നോട്ട് വീണ്ടും അവതരിപ്പിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

2016 നോട്ടുനിരോധനത്തിന് സമാനമായാണ് രണ്ടായിരം രൂപാ നോട്ടും ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എന്തായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഇതിന്‍ മേലുള്ള അടുത്ത നടപടി എന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. നോട്ടുനിരോധനം കഴിഞ്ഞ് വര്‍ഷം ഏഴ് പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചില്ല എന്ന വിമര്‍ശനം വര്‍ഷങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ചില ബി ജെ പി നേതാക്കള്‍ പോലും നോട്ടുനിരോധനത്തെ തള്ളി രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് രണ്ടായിരം രൂപ നോട്ടും പിന്‍വലിക്കുന്നത്. രാജ്യത്ത് നേരത്തെ തന്നെ പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത് നിര്‍ത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നത് എന്നാണ് അറിയിച്ചത്. നോട്ടുനിരോധന സമയത്ത് കറന്‍സി അവശ്യകത പരിഗണിച്ചാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.
എന്നാല്‍ ഇപ്പോള്‍ മറ്റ് മൂല്യമുള്ള നോട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു എന്നും അതിനാല്‍ തന്നെ 2000 നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്നുമാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. ഇപ്പോള്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് പ്രിന്റ് ചെയ്തതാണ് എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.
2000 രൂപ നോട്ട് പിന്‍വലിച്ചതോടെ നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും സെപ്തംബര്‍ 30-നുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ കാര്യമായി വിപണിയില്‍ ഇല്ല എന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. നേരത്തെ എടിഎമ്മുകളില്‍ നിന്നുംന ബാങ്കുകളില്‍ നിന്നും 2000 നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിരുന്നു.












Click it and Unblock the Notifications