ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു; വന്ദേഭാരതിന്റെ സ്ലീപ്പര്‍, മെട്രോ പതിപ്പുകളും ഉടന്‍, അറിയേണ്ടതെല്ലാം
ന്യൂദല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ജനങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെ വന്ദേ ഭാരത് സ്ലീപ്പറുകളും വന്ദേ മെട്രോകളും രാജ്യത്ത് സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഇതിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് ഐ സി എഫ് ജനറല്‍ മാനേജര്‍ ബിജി മല്യ പറഞ്ഞു.
വന്ദേഭാരത് മെട്രോ സര്‍വീസുകള്‍ ഈ ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ പുറത്തിറക്കാനാണ് ആലോചിച്ചിരിക്കുന്നത്. ഇതില്‍ 12 കോച്ചുകളാണ് ഉണ്ടാകുക. ഒരു കോച്ചില്‍ 300 യാത്രക്കാരെ വെച്ച് 3500 യാത്രക്കാര്‍ക്ക് വരെ വന്ദേ ഭാരത് മെട്രോയില്‍ സഞ്ചരിക്കാനാകും. പ്രധാനമായും സമീപ നഗരങ്ങളെ ബന്ധിപ്പിക്കാനാകും വന്ദേ മെട്രോകള്‍ ഉപയോഗിക്കുന്നത്. വന്ദേ ഭാരത് മെട്രോ ഹ്രസ്വദൂര യാത്രയ്ക്കുള്ളതായിരിക്കും.

നിലവിലുള്ള പാസഞ്ചര്‍ മെട്രോകള്‍ക്ക് ബദലായി വന്ദേ മെട്രോകളായിരിക്കും വരിക എന്നാണ് വിവരം. ദീര്‍ഘദൂര യാത്രകള്‍ അതിവേഗം പിന്നിടുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേഭാരത് എക്‌സ്പ്രസ് പുറത്തിറക്കിയത്. എന്നാല്‍ നിലവില്‍ വന്ദേഭാരത് എക്‌സ്പ്രസ് രാത്രിയാത നടത്തുന്നില്ല. അതിന് പകരമായി ദീര്‍ഘദൂര യാത്രക്ക് വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ ഇറക്കാനാണ് റെയില്‍വേ ആലോചിച്ചിരിക്കുന്നത്.
ഇതിന്റെ നിര്‍മാണവും ചെന്നൈ ഇന്റഗ്രല്‍ ഫാക്ടറിയില്‍ അവസാന ഘട്ടത്തിലാണ്. 16 കോച്ചുകളുള്ളവയായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍. 11 എസി ത്രീ-ടയര്‍ കോച്ചുകള്‍, 4 എസി ടു-ടയര്‍, 1 ഫസ്റ്റ് എസി എന്നിവയായിരിക്കും കോച്ചുകള്‍ എന്നും ബിജി മല്യ അറിയിച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ചെലവ് കുറഞ്ഞതായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖം തന്നെ മാറ്റി മറിക്കും.
ഒറ്റ രാത്രികൊണ്ട് ഈ അതിവേഗ ട്രെയിനുകളില്‍ ദീര്‍ഘദൂരം സഞ്ചരിക്കാം എന്നതിനാല്‍ തന്നെ വന്ദേഭാരത് സ്ലീപ്പറില്‍ വലിയ പ്രതീക്ഷയാണ് റെയില്‍വേയ്ക്കുള്ളത്. സാധാരണക്കാരുടെ വന്ദേഭാരത് എന്ന നിലയ്ക്ക് പഴയകാലത്തുണ്ടായിരുന്ന പുഷ്പുള്‍ എല്‍എച്ച്പി ട്രെയിനുകളും ഇറക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. അത് ഒക്ടോബര്‍ അവസാനത്തോടെ ട്രാക്കിലിറങ്ങിയേക്കും. ഇതില്‍ 22 കോച്ചുകളും ഒരു ലോക്കോമോട്ടീവും ഉണ്ടാകും.
ഒക്ടോബര്‍ 31ന് മുമ്പ് ഇത് ട്രാക്കിലിറങ്ങും എന്ന് ബിജി മല്യ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്റെ 25 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളും യാത്രക്കാര്‍ക്ക് അതിവേഗ യാത്രയും വാഗ്ദാനം ചെയ്യുന്നതിനാലും വലിയ വരവേല്‍പ്പാണ് വന്ദേഭാരതിന് ലഭിച്ചത്. 2019 ഫെബ്രുവരി 15 ന് ആണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്.












Click it and Unblock the Notifications