ഡല്‍ഹിക്ക് ഡബിള്‍ അല്ല ട്രിപ്പിള്‍ എഞ്ചിന്‍ സർക്കാർ: വിജയം ഉറപ്പ്; നീക്കം തുടങ്ങി ബിജെപി
ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഡല്‍ഹി മുന്‍സിപ്പല്‍ കോർപ്പറേഷന്‍ (എം സി ഡി) ഭരണവും പിടിക്കാന്‍ ബി ജെ പി. ഏപ്രിലിലാണ് മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി കോർപ്പറേഷന്‍ കൂടി പിടിക്കാന്‍ സാധിച്ചാല്‍ തലസ്ഥാനം ബി ജെ പിയുടെ 'ട്രിപ്പിൾ എഞ്ചിൻ' ഭരണത്തിന്‍ കീഴിലാകും. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ തന്നെ എം സി ഡിയിൽ തങ്ങളുടെ പിടി ശക്തിപ്പെടുത്താനുള്ള ശ്രമം ബി ജെ പി ആരംഭിച്ച് കഴിഞ്ഞു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആകെ 250 കൗൺസിലർമാരാണുള്ളത്. കൂടാതെ ഏഴ് ഡൽഹി എംപിമാർ, മൂന്ന് രാജ്യസഭ എംപിമാർ, 14 എം എൽ എമാർ എന്നിവർക്കും മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. നിലവിൽ ബി ജെ പിക്ക് നഗരസഭയില്‍ 120 കൗൺസിലർമാരുണ്ട്. മറുവശത്ത് ആം ആദ്മി പാർട്ടിക്ക് (എ എ പി) 122 സീറ്റുകളും. അതേസമയം ബി ജെ പിയുടെ എട്ട് കൗൺസിലർമാർ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം എല്‍ എമാരായിട്ടുണ്ട്. മൂന്ന് എ എ പി കൗൺസിലർമാരും എം എൽ എമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തോടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 12 കൗൺസിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഉപതിരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റുകള്‍ നിലനിർത്തിയാല്‍ തന്നെ ബി ജെ പിക്ക് മേയർ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കും. 2024 നവംബറിലാണ് അവസാനമായി എം സി ഡി മേയർ തിരഞ്ഞെടുപ്പ് നടന്നത്. എ എ പിയുടെ മഹേഷ് ഖിച്ചി ബി ജെ പിയുടെ കിഷൻ ലാലിനെ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് അന്ന് പരാജയപ്പെടുത്തി. ആകെ പോൾ ചെയ്ത 263 വോട്ടുകളിൽ മഹേഷ് ഖിച്ചിക്ക് 133 വോട്ടുകൾ ലഭിച്ചു. അതേസമയം കിഷൻ ലാലിന് അനുകൂലമായി 130 വോട്ടുകളും കിട്ടി. രണ്ട് വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു.
അന്ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി ജെ പിക്ക് 113 കൗൺസിലർമാരാണുണ്ടായിരുന്നത്. ഒരു എം എൽ എയുടെയും ഏഴ് എംപിമാരുടെയും പിന്തുണയോടെ അവരുടെ മൊത്തം അംഗബലം 121 ആയി ഉയർന്നു. മറുവശത്ത്, എ എ പിക്ക് 125 കൗൺസിലർമാരും 13 എം എൽ എമാരും മൂന്ന് രാജ്യസഭ എംപിമാരുമുണ്ടായിരുന്നു. അതായത് ആകെ 141 വോട്ടുകൾ. എട്ട് കൗൺസിലർമാരുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തു. ഏപ്രില്‍ വരെയാണ് മഹേഷ് ഖിച്ചിയുടെ പ്രവർത്തന കാലാവധി. എന്നാല്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ ഡൽഹി സർക്കാർ രൂപീകരിച്ച ശേഷം, നിലവിലെ ആം ആദ്മി മേയർക്കെതിരെ ബി ജെ പി അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications