ബാനറില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും ചിത്രങ്ങളില്ല; കൃഷി ഓഫീസര്‍ക്ക് സസ്പെന്ഷന്
കോട്ടയം: ഓണചന്തയില്‍ സ്ഥാപിച്ച ബാനറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേയും ചിത്രങ്ങള്‍ ഒഴിവാക്കിയെന്നാരോപിച്ച് കൃഷി ഓഫീസര്‍ക്കെതിരെ നടപടി. ഓഫീസറെ തല്‍സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു. പുതുപ്പള്ളി കൃഷി ഓഫീസര്‍ ഫസ്ലീന അബ്ദുള്‍ കരീമിനെയാണ് കൃഷിവകുപ്പ് ഡയറകക്ടര്‍ സസ്പെന്റ് ചെയ്തത്.
ഓണചന്തയില്‍ ഓണസ്മൃതി 2020 എന്ന പേരില്‍ പ്രത്യേക മാതൃകയിലുള്ള ബാനറുകള്‍ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം. ഇത് പ്രകാരം തയ്യാറാക്കേണ്ട ബാനറിന്റെ മാതൃകയും തയ്യാറാക്കി അയച്ചിരുന്നു. ബാനറില്‍ മുഖ്യമന്ത്രിയുടേയും കൃഷിമന്ത്രിയുടേയും ചിത്രങ്ങള്‍ മുകളില്‍ വലത്തെ അറ്റത്തായിരുന്നു ഡിസൈന്‍ ചെയ്തത്. അടിയില്‍ കൃഷി ഓഫീസറുടെ പേരും സ്ഥലവും ചേര്‍ത്ത് ഓണചന്തകളില്‍ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം. കൃത്യമായ മാതൃകയില്‍ വേണം ഓണചന്തകളില്‍ ബാനര്‍ സ്ഥാപിക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പുതുപള്ളി പഞ്ചായത്തിലെ ഓണചന്തയില്‍ സ്ഥാപിച്ച ബാനറില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും ചിത്രങ്ങള്‍ മാത്രം നീക്കിയ നിലയിലായിരുന്നു. ഇത്തരത്തില്‍ മാനദണ്ഡം ലംഘിച്ച് ബാനര്‍ സ്ഥാപിച്ചതിനായിരുന്നു കൃഷി ഓഫീസറെ സസ്പെന്റ് ചെയ്തത്.
എന്നാല്‍ ബാനര്‍ നിര്‍മ്മിക്കുമ്പോള്‍ പ്രസില്‍ ഉണ്ടായ അബദ്ധമാണ് മുഖ്യമന്ത്രിയുടേയും കൃഷി മന്ത്രിയുടേയും ചിത്രങ്ങള്‍ ബാനറില്‍ ഇല്ലാതെ പോയതെന്നാണ് വിശദീകരണം.കൃത്യമായ മാതൃക വാട്സ്ആപ്പില്‍ ലഭിച്ചിരുന്നുവെന്നും ഇതാണ് പ്രിന്റിങിന് അയച്ചതെന്നും എന്നാല്‍ ബാനര്‍ ലഭിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചിരുന്നില്ല.ബാനര്‍ സ്ഥാപിച്ച് ഉദ്ഘാടനവും കഴിഞ്ഞാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടത്. പിന്നാലെ ബാനര്‍ നീക്കം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ പ്രതികരിച്ച് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം മനപൂര്‍വ്വം നീക്കം ചെയ്തതാണെന്ന് കൃഷിമന്ത്രി ആരോപിച്ചു.
' ഓണചന്തകളില്‍ കൃത്യമായ ഫോര്‍മാറ്റിലുള്ള ബാനര്‍ സ്ഥാപിക്കുന്നതിന് സിഡി അയച്ചിരുന്നു. ഇതില്‍ നിന്നും മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും ചിത്രങ്ങള്‍ മാത്രം ബോധപൂര്‍വ്വം നീക്കം ചെയതതാണ്. ബാനര്‍ സ്ഥാപിച്ചില്ലെങ്കിലും തെറ്റില്ലായിരുന്നു. അതേസമയം ബാനറില്‍ നിന്നും ചിത്രം മനപൂര്‍വം നീക്കം ചെയ്തത് അംഗീകരിക്കാനാവില്ല. മേലുദ്യോഗസ്ഥര്‍ തെറ്റ് ചൂണ്ടികാട്ടിയിട്ടും തിരുത്താന്‍ തയ്യാറായില്ലായെന്നാണ് അറിഞ്ഞത്. അതിനാലാണ് സസ്പെന്ഷന് നടപടി സ്വീകരിച്ചത്. കൃഷിഓഫീസറുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.