കോണ്‍ഗ്രസ് വിളിച്ചു.. സിപിഎമ്മടക്കം 9 പാര്‍ട്ടികള്‍ എത്തി; ബിജെപി വിരുദ്ധ സഖ്യത്തിന്റെ തുടക്കം അസമില്‍ നിന്നോ
കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുമെന്ന് നേരത്തെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസം കോണ്‍ഗ്രസില്‍ നിന്നുള്ള നീക്കം.

ഗുവാഹത്തി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി ജെ പിക്ക് എതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് വേദിയൊരുക്കി കോണ്‍ഗ്രസ്. ആദ്യ പടിയെന്നോണം അസമില്‍ കോണ്‍ഗ്രസ് വിളിച്ച ചേര്‍ത്ത യോഗത്തില്‍ ഒമ്പത് പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തു. എ പി സി സി മുന്‍കൈയെടുത്താണ് യോഗം വിളിച്ച് ചേര്‍ത്തത്.
ഇതില്‍ ജതിയ ദള്‍, അഖില്‍ ഗൊഗോയിയുടെ റൈജോര്‍ ദള്‍, സി പി എം, അസം ദേശീയ പരിഷത്ത്, സി പി ഐ, സി പി ഐ എം എല്‍, എന്‍ സി പി, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവര്‍ പങ്കെടുത്തു. 10 പാര്‍ട്ടികളുടെയും നേതാക്കള്‍ ഏപ്രില്‍ 9 ന് സംസ്ഥാനതല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

തന്ത്രം രൂപപ്പെടുത്തും
അതില്‍ ഓരോ പാര്‍ട്ടിയുടെയും ജില്ലാതല, താഴെത്തട്ടിലുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നും എ പി സി സി അധ്യക്ഷന്‍ ഭൂപന്‍ ബോറ അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യവും അസമിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളും തങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് ഭൂപന്‍ ബോറ വ്യക്തമാക്കി.

ഒറ്റക്കെട്ടായി പോരാടേണ്ടത് അനിവാര്യം
തെരഞ്ഞെടുപ്പില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചുള്ള ഒരു തന്ത്രം രൂപപ്പെടുത്തി വരികയാണ്. ജനാധിപത്യം സംരക്ഷിക്കാനും ജനവിരുദ്ധരായ ബി ജെ പിയെ പരാജയപ്പെടുത്താനും ഒറ്റക്കെട്ടായി പോരാടേണ്ടത് അനിവാര്യമാണെന്നും എന്നും അദ്ദേഹം പറഞ്ഞു.

എഐയുഡിഎഫ് ഇല്ല
അതേസമയം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആന്റി ബി ജെ പി വിരുദ്ധ സഖ്യത്തിലെ പ്രധാന കക്ഷിയായിരുന്ന ബദ്റുദ്ദീന്‍ അജ്മലിന്റെ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എ ഐ യു ഡി എഫ്) യോഗത്തിലെ അസാന്നിധ്യം ശ്രദ്ധേയമായി.

തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വന്നില്ല
സംസ്ഥാനത്ത് സാന്നിധ്യമുള്ള തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അതേസമയം ദേശീയ തലത്തില്‍ അവരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കാത്തിനാലാണ് യോഗത്തില്‍ നിന്ന് തൃണമൂലും ആം ആദ്മിയും വിട്ട് നിന്നത് എന്ന് ഭൂപന്‍ ബോറ പറഞ്ഞു. അതേസമയം തങ്ങളെ പരിഗണിക്കാതെ രൂപീകരിക്കുന്ന സഖ്യം ഫലത്തില്‍ ഗുണമാകുന്നത് ബി ജെ പിക്കാണ് എന്ന് എ ഐ യു ഡി എഫ് വക്താവ് കരിം ഉദ്ദിന്‍ ബര്‍ഭുയ പറഞ്ഞു.












Click it and Unblock the Notifications