ബിജെപിയുമായുള്ള സഖ്യം തുടരും: നിർണ്ണായക പ്രഖ്യാപനവുമായി അണ്ണാഡിഎംകെ, ലക്ഷ്യം അളഗിരിയും!!
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കരുത്തേകുന്ന പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ. ബിജെപിയുമായുള്ള സഖ്യം തുടരുമെന്നാണ് അണ്ണാ ഡിഎംകെ കോർഡിനേറ്റർ ഒ പന്നീർശെൽവം ശനിയാഴ്ച വ്യക്തമാക്കിയത്. ഏപ്രിൽ- മെയ് മാസങ്ങളിലായാണ് 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടെയാണ് അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങൾ അണ്ണാ ഡിഎംഎകെയും ഡിഎംകെയും ബിജെപിയും നടത്തുന്നത്.
തടസങ്ങൾ നീങ്ങി, ആറ്റിങ്ങൽ നാലുവരിപ്പാത നിർമ്മാണം മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നു

നിർണ്ണായക പര്യടനം
ചെന്നൈയിലെ അഞ്ചാമത്തെ റിസർവോയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പന്നീർശെൽവം. തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ചെന്നൈയിലെ കലൈവനാർ അരങ്കത്തായിരുന്നു പരിപാടി. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദ്വിദിന തമിഴ്നാട് പര്യടനത്തിനെത്തിയതായിരുന്നു അമിത് ഷാ. ഇതിനിടെയാണ് ഉദ്ഘാടന ചടങ്ങുകൾ നിർവ്വഹിച്ചിട്ടുള്ളത്. ഇതിന് പുറമേ ചെന്നൈയിലെ പാർട്ടി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിയിലേക്ക്
അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയ എംകെ അളിഗിരിയുടെ സഹായി കെപി രാമലിംഗം ഇന്ന് ബിജെപിയിൽ ചേർന്നിരുന്നു. അളഗിരിയും ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്റ്റേറ്റ് പ്രസിഡന്റ് എൽ മുരുകന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം തമിഴ്നാട് സന്ദർശനത്തിനെത്തിയ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.

പ്രതീക്ഷയെന്ന്
ഞാൻ ബിജെപിയിലേക്ക് മാറിയതിനാൽ അദ്ദേഹവും ബിജെപിയിലേക്ക് ചേരാനാണ് ആവശ്യപ്പെടുന്നത്. ഞാൻ അദ്ദേഹത്തെ ഇതിനായി ബോധ്യപ്പെടുത്തും. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന് തീരുമാനമെടുക്കാം. അളഗിരി പറഞ്ഞു. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്നും ബിജെപിയുമായി ചർച്ച നടത്തുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്.

യാത്രയ്ക്ക് എതിർപ്പ്
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ഇതുവരെയും പ്രചാരണം ആരംഭിച്ചിട്ടില്ല. നവംബർ ആറിന് വെട്രിവേൽ യാത്ര ആരംഭിച്ചെങ്കിലും ഇത് വിവാദമായിരുന്നു. സംസ്ഥാനത്തെ മുരുക ഭക്തരെ പ്രകീർത്തിച്ചുകൊണ്ട് നടത്തിയ യാത്രയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് കാണിച്ചാണ് അണ്ണാ ഡിഎംകെ യാത്രയെ എതിർത്തത്. യാത്ര സാമുദായിക സൌഹാർദ്ദം തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് അണ്ണാ ഡിഎംകെ യാത്ര അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അണ്ണാ ഡിഎംകെയും തമിഴ്നാട്ടിൽ യോഗം ചേർന്നിരുന്നു. ഡിഎംകെ ഉദയനിധിയെ മുൻനിർത്തിയാണ് പ്രചാരണം നടത്തുക. ഡിഎംകെ തലവൻ എം കെ സ്റ്റാലിൻ 75 ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണത്തിന് തുടക്കം കുറിക്കും.

11 അംഗ സ്റ്റിയറിംഗ് കമ്മറ്റി
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയും ഡിഎംകെയും തമ്മിലാണ് പോരാട്ടം. ഇ പളനിസ്വാമിയെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. പാർട്ടി രൂപീകരിച്ച 11 അംഗ സ്റ്റിയറിംഗ് കമ്മറ്റിയുടെ തലവൻ ഒ പനീർശെൽവമാണ്. അണ്ണാ ഡിഎംകെ ബിജെപിയുമായി സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എം കെ സ്റ്റാലിന്റെ സഹോദരനായ അളഗിരിയുമായും സൂപ്പർ സ്റ്റാർ രജനീകാന്തുമായും ചർച്ചകൾ നടത്തിവരുന്നുണ്ടെന്നാണ് സൂചന.

അങ്കത്തിന് സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടിരിക്കുന്ന ഡിഎംകെ നേതാവ് സ്റ്റാലിൻ തുടർച്ചയായ മൂന്നാമത്തെ തിരഞ്ഞെടുപ്പിലും പരാജയപ്പെടാൻ കഴിയില്ലെന്ന നിലപാടിലാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഡിഎംകെയ്ക്ക് 38 സീറ്റുകളാണ് നേടാൻ കഴിഞ്ഞത്. ഏപ്രിൽ- മെയ് മാസങ്ങളിലായാണ് 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.